ആലപ്പുഴയിൽ മൂന്നു മുന്നണികളും സ്റ്റിയറിംഗിൽ മുറുകെപ്പിടിച്ചിരിക്കുകയാണ്. ബോട്ട് എങ്ങോട്ടും തിരിയാം. വലതു ചേർന്ന് ഓടിക്കൊണ്ടിരുന്ന ആലപ്പുഴയെ ഇക്കുറി ഇടത്തേക്കു തിരിക്കുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. ബോട്ട് അതുപോലെതന്നെ ഓടുമെന്ന് യു.ഡി.എഫ്. ഗിയർ മാറ്റി മുന്നണി ഒന്നു കുതിക്കുമെന്ന് എൻ.ഡി.എ. ആലപ്പുഴയുടെ മനസ്സമ്മതം തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്നു മുന്നണികളും കണക്കുകൾ മുന്നിൽവച്ച് ഒരുപോലെ അവകാശപ്പെടുമ്പോൾ മേയ് 23 വരെ മറുത്തൊന്നും പറയാനാവില്ല
20,000 വോട്ടിന് ഷാനിമോൾ ഉസ്‌മാൻ വിജയിക്കുമെന്നാണ് യു.ഡി.എഫിൻെറ കണക്കുകൂട്ടൽ. 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.എം. ആരിഫ് വിജയിക്കുമെന്ന കാര്യത്തിൽ ഇടതു മുന്നണിക്ക് സംശയമേയില്ല. ഇടതു- വലതു മുന്നണികളെ ഞെട്ടിച്ച് ഇത്തവണ അദ്ഭുതം സൃഷ്ടിക്കുമെന്നാണ് എൻ.ഡി.എ കണക്ക്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19,407 വോട്ടിനായിരുന്നു യു.ഡി.എഫിലെ കെ.സി.വേണുഗോപാലിന്റെ ജയം. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽ.ഡി.എഫ് കുതിപ്പായിരുന്നു. ഒരു ലക്ഷം വോട്ടിൻെറ ഭൂരിപക്ഷമാണ് ആറ് നിയമസഭാ മണ്ഡലത്തിലും ഇടതുമുന്നണി നേടിയത്. ഹരിപ്പാട്ട് പക്ഷേ യു.ഡി.എഫ് മുന്നേറ്റമായിരുന്നു. 18,621 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല അവിടെ നിന്ന് അസംബ്ളിയിലെത്തിയത്. പക്ഷേ, ലോക്‌സഭയിലെ കാര്യം വേറെ, നിയമസഭയിലെ കാര്യം വേറെ എന്ന് മുന്നണികൾ തന്നെ സമ്മതിക്കുന്നുണ്ട്.
എൽ.ഡി.എഫ്
ഹരിപ്പാട് ഒഴികെ ആറു നിയമസഭാ മണ്ഡലങ്ങളിലും മുന്നേറുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പറയുന്നത്. ഹരിപ്പാട്ട് അയ്യായിരം വോട്ട് കുറയും. മറ്റു മണ്ഡലങ്ങളായ അരൂർ, ചേർത്തല, ആലപ്പുഴ,അമ്പലപ്പുഴ, കായംകുളം, കരുനാഗപ്പളളി എന്നിവിടങ്ങളിൽ അയ്യായിരം വോട്ടിന്റെ വീതം ഭൂരിപക്ഷം ആരിഫിനുണ്ടാകും. അങ്ങനെയാണ് 30,000 വോട്ടിൻെറ ഭൂരിപക്ഷക്കണക്ക്.
ബൂത്ത്തലം മുതൽ അരിച്ചു പെറുക്കിയുള്ള കൃത്യമായ കണക്കാണിത്. അരൂരിൽ ആരിഫ് എം.എൽ.എയായത് 38,519 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ആ ഭൂരിപക്ഷം ഇപ്പോൾ കിട്ടുമെന്ന് ഞങ്ങൾ കണക്കാക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് വലിയ തോതിൽ വോട്ടു പിടിച്ചു. ആ വോട്ട് ഇക്കുറി എൻ.ഡി.എ പിടിക്കില്ല. ബി.ജെ.പി 1.43 ലക്ഷം വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിലായി പിടിച്ചത്. ഞങ്ങളുടെ കൂടെ നിന്നവർ വരെ ബി.ഡി.ജെ.എസിൽ പോയിരുന്നു. അവരൊക്കെ തിരിച്ചുവന്നു- നാസർ പറയുന്നു.
എസ്.എൻ.ഡി.പിയുടെ നിലപാടു കൂടിയായതോടെ ബി.ഡി.ജെ.എസിലെ കൂടുതൽ വോട്ടുകളും എൽ.ഡി.എഫിനു കിട്ടി. കുറച്ച് യു.ഡി.എഫിനും പോയി. മുസ്ളിം വോട്ട് ഏകീകരിച്ചതുകൊണ്ട് തങ്ങൾക്കു കിട്ടാവുന്ന വോട്ടിൽ ഒരു കുറവും വന്നിട്ടില്ലെന്ന് സി.പി.എം വിലയിരുത്തുന്നു. ഒരു സമുദായ സംഘടനയും എതിരല്ലായിരുന്നു. ശബരിമല ഒരു പ്രശ്‌നമേയല്ലായിരുന്നെന്നും, വനിതാ മതിലിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് ആലപ്പുഴയിലായിരുന്നെന്നും പറയുമ്പോൾ ഇതെല്ലാം വോട്ടാകുമെന്ന് ഉറപ്പിക്കുകയാണ് സി.പി.എം.
യു.ഡി.എഫ്
കഴിഞ്ഞ തവണ കെ.സി.വേണുഗോപാൽ നേടിയ ഭൂരിപക്ഷം ഇക്കുറി ഷാനിമോൾ മറികടക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെ ഉറപ്പ്. ചേർത്തലയും അരൂരും കായംകുളവും തുല്യശക്തിയായി നിൽക്കും. ആലപ്പുഴയിലും അമ്പലപ്പുഴയിലും 5000 വോട്ടിന്റെ വീതം ഭൂരിപക്ഷം. ഹരിപ്പാട്ട് ഭൂരിപക്ഷം 5000 മുതൽ 10,000 വരെ. കരുനാഗപ്പള്ളിയിൽ ഭൂരിപക്ഷം രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിലാകും. 20,000 വോട്ട് ഭൂരിപക്ഷത്തിൽ ഷാനിമോൾ വിജയിക്കുന്നതിന്റെ സ്‌പ്ളിറ്റ് കണക്ക് ഇങ്ങനെയാണ്.
2014- ലെ തിരഞ്ഞെടുപ്പിൽ കായംകുളത്തു മാത്രമാണ് യു.ഡി.എഫിന് 3000 വോട്ടിന്റെ കുറവുണ്ടായത്. ബാക്കി എല്ലായിടത്തും മുന്നേറ്റമായിരുന്നു. എല്ലാ സമുദായത്തിന്റെയും വോട്ട് കിട്ടി. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന്. ലിജുവിന്റെ കണക്ക് ഇങ്ങനെയായിരിക്കുമ്പോൾ കോൺഗ്രസിലെ മറ്റൊരു വിഭാഗം വിലയിരുത്തുന്നത് അരൂരിലും ചേർത്തലയിലും ആരിഫ് പിടിക്കുന്ന വോട്ടായിരിക്കും നിർണായകമെന്നാണ്. അരൂരിൽ 20,000- ഉം ചേർത്തലയിൽ പതിനായിരവും വോട്ട് ഭൂരിപക്ഷം ആരിഫിന് ഉണ്ടായാൽ യു.ഡി.എഫിന്റെ വിജയസാദ്ധ്യത മങ്ങും. ഈ രണ്ടിടത്തും തുല്യശക്തിയായി വന്നാൽ ഷാനിമോൾ ഉസ്‌മാന്റെ വിജയം ഉറപ്പ്.
മുസ്ളിം വോട്ടുകളുടെ ഏകീകരണം ഷാനിമോൾക്ക് അനുകൂലമായെന്ന് ഒരു വിഭാഗം പറയുമ്പോൾ ആലപ്പുഴയിൽ അതുണ്ടായില്ലെന്നും ഇരു സ്ഥാനാർത്ഥികളും മുസ്ളിമായതുകൊണ്ട് ബാധിച്ചില്ലെന്നുമാണ് മറുവിഭാഗം പറയുന്നത്. എന്നാൽ മോദിവിരുദ്ധ വികാരത്തിൽ ആലപ്പുഴയിൽ മുസ്ളിം വോട്ടുകൾ ഷാനിമോൾക്ക് അനുകൂലമായെന്നാണ് മറ്റൊരു വിലയിരുത്തൽ.
എൻ.ഡി.എ
വിശ്വാസ വോട്ടുകൾ കമ്മ്യൂണിസ്റ്റ് കാേട്ടകളിൽ വിള്ളലുണ്ടാക്കിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പറയുന്നു. 2014- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 43,051വോട്ടാണ് എൻ.ഡി.എയ്‌ക്കു കിട്ടിയത്. 2016- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് 1.43 ലക്ഷമായി ഉയർന്നു. അദ്ഭുതകരമായ മുന്നേറ്റമായിരുന്നു. ആ അദ്ഭുതം ഇക്കുറി വിജയത്തിലേക്കു നയിക്കും. എത്ര വോട്ട് കിട്ടുമെന്നോ, ഭൂരിപക്ഷം എത്രയെന്നോ പറയുന്നില്ല.
മറ്റു രണ്ട് മുന്നണികളും ഒരേ സമുദായത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ആലപ്പുഴയിലെ ഭൂരിപക്ഷ വോട്ടർമാരെ വഞ്ചിച്ചു. അതിനുള്ള മറുപടി വോട്ടെണ്ണുമ്പോൾ കാണാം. വിശ്വാസ വോട്ട് ഏറ്റവും കൂടുതൽ തരംഗമാകുന്നത് ആരിഫിൻെറ മണ്ഡലമായ അരൂരിലായിരിക്കും. അവിടെ ആരിഫിനു കിട്ടേണ്ട വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്‌ണനു കിട്ടി. ശബരിമലയും മോദിയുടെ വികസന നേട്ടവും ഡോ.രാധാകൃഷ്‌ണന്റെ സ്വീകാര്യതയും ചിട്ടയായ പ്രവർത്തനവും എൻ.ഡി.എയുടെ വിജയത്തിന് പ്രതീക്ഷ നൽകുന്നതായും ബി.ജെ.പി വിലയിരുത്തുന്നു.
ആലപ്പുഴ പോളിംഗ് %
2019: 80.09
2014: 78.86
വർദ്ധന: 1.23