രണ്ട് ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് 10 കിലോ കഞ്ചാവ്
ആലപ്പുഴ: നാല് കിലോ കഞ്ചാവും ഒരു ആൾട്ടോ കാറുമായി രണ്ട് പേർ എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയ്ക്കിടയിൽ പിടിയിലായി. മലപ്പുറം ചീക്കോട് വെട്ടുപാറ വെട്ടപ്പാറയ്ക്കൽ വീട്ടിൽ അലവിക്കുട്ടി(39), പുന്നപ്ര പടിഞ്ഞാറെ വീട്ടിൽ ഷമീർ(സാട്ടാ-34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആലപ്പുഴ എക്‌സൈസ് റേഞ്ച് പരിധിയിൽ നിന്നും പത്ത്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ആറ് കിലോ കഞ്ചാവുമായി മലപ്പുറം മേൽമുറി സ്വദേശി സുൾഫിക്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇവർ എല്ലാവരും മലപ്പുറത്ത് നിന്നാണ് ആലപ്പുഴയിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.
അലവിക്കുട്ടി കാറിൽ കഞ്ചാവുമായി വരുമ്പോഴാണ് പിടിയിലായത്.
ആന്ധ്ര പ്രദേശിൽ നിന്ന് ഇടനിലക്കാർ വഴി കിലോയ്ക്ക് 3000 രൂപയ്‌ക്കെത്തിക്കുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് ഇവർ മറിച്ച് വിൽക്കുന്നത്. എല്ലാ മാസവും കൃത്യമായ ഇടവേളകളിലാണ് ഇവർ ആലപ്പുഴയിൽ കഞ്ചാവ് എത്തിച്ചിരുന്നത്. അന്വേഷണം മലപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ ഇടപാടുകാരെ ഉടൻ കണ്ടെത്തുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.മുഹമ്മദ് റഷീദ് പറഞ്ഞു.
ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.റോയ്, ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ കെ.വി.ബിജു, പി.എം.സുമേഷ്, റോയ് ജേക്കബ്, എൻ.പ്രസന്നൻ, ജി.ഫെമിൻ, എൻ.ബാബു, പി.സി.ഗിരീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്,സുബിൻ.ബി, സുർജിത്ത്, റ്റി. ജി , ഷിബു. പി. ബെഞ്ചമിൻ, എം.സി.ബിനു, ജയദേവ്. ആർ, പി.ബി.പ്രബീൺ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.സുലേഖ, എൻ.ആർ.സിന്ധു, സ്മിത.എൻ.എസ് എന്നിവരാണ് പരിശോധന നടത്തിയത്.