അമ്പലപ്പുഴ: തെക്കുപഞ്ചായത്ത് ഒന്നാം വാർഡിലെ അംഗൻവാടിക്കു സമീപം കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് നാലു മാസമായിട്ടും യാതൊരു നടപടിയുമില്ല. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ മലിനജലം കുടിക്കേണ്ടിവരുന്ന അവസ്ഥ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു.
വെള്ളം തളംകെട്ടി വലിയ കുഴിയും സമീപത്ത് രൂപപ്പെട്ടു. ഇതിനടുത്തായിട്ടാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. പൊട്ടിയ പൈപ്പിലൂടെ മലിനജലം കയറുന്നുണ്ട്. അംഗൻവാടിയിൽ ലഭിക്കുന്നതും ഇതേ മലിനജലം തന്നെ. പഞ്ചായത്തിലെ തീരദേശ വാർഡു കൂടിയാണിത്. കടൽഭിത്തിക്കു കിഴക്കുഭാഗത്തായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. മണ്ണിനടിയിലൂടെ വെള്ളം മുകളിലേയ്ക്കു വന്ന് പ്രദേശമാകെ മലിനമായിക്കഴിഞ്ഞു. വാർഡിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പഞ്ചായത്തംഗവും നാട്ടുകാരും നിരവധി തവണ വാട്ടർ അതോറിട്ടി ജീവനക്കാരെ വിവരമറിയിച്ചിട്ടും ഇതുവരെ ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്.