മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക് വിശ്രമസ്ഥലമില്ല
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ രാത്രിയിൽ തലചായ്ക്കാനിടമില്ലാതെ വലയുന്നു. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം ആശുപത്രിയിൽ ഇല്ലാത്തതാണ് കാരണം.
സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിൽ രാത്രി എട്ടു മണിക്കു ശേഷം പുരുഷൻമാർക്ക് പ്രവേശനം അനുവദിക്കില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ മരുന്ന് ഉൾപ്പെടെയുള്ളവ അടിയന്തരമായി വാങ്ങേണ്ടി വന്നാൽ സഹായത്തിന് ഒരാൾ പുറത്ത് വേണ്ടിവരും. ഇങ്ങനെ കാത്തു നിൽക്കുന്നവർ ആശുപത്രിക്ക് വെളിയിൽ കൊതുകു കടിയേറ്റ് നിൽക്കുകയാണ് പതിവ്. ആശുപത്രിയുടെ ഇടനാഴികളിൽ പേപ്പർ വിരിച്ച് കിടന്നുറങ്ങിയാലും സുരക്ഷാ ഉദ്യോഗസ്ഥർ എഴുന്നേൽപ്പിച്ചു വിടും. പിന്നെ ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടന്നാണ് നേരം വെളുപ്പിക്കുന്നതെന്ന് കൂട്ടിരിപ്പുകാർ പറയുന്നു. ദിനംപ്രതി നൂറുകണക്കിന് പേരാണ് രോഗികൾക്ക് കൂട്ടിരിപ്പിനായി ആശുപത്രിയിലെത്തുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തിയിരിക്കുന്ന വാർഡുകളിലും ഒരാളെ മാത്രമേ കൂട്ടിരിക്കാൻ അനുവദിക്കുകയുള്ളൂ. പലപ്പോഴും മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതിനാൽ വാർഡിന് വെളിയിൽ ഒരാളുടെ സാന്നിദ്ധ്യം ആവശ്യമായും വരും. അഡ്മിറ്റായ ഒരു രോഗിയുടെ കൂടെ തന്നെ രണ്ടോ മൂന്നോ പേർ സഹായത്തിനായി ഉണ്ടാകാറുണ്ട്.
രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനായി പ്രത്യേക ഇടം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആശുപത്രി വികസന സമിതി മുൻകൈയെടുത്ത് വിശ്രമ കേന്ദ്രം ഒരുക്കണമെന്നാണ് ആവശ്യം. വിശ്രമിക്കാനെത്തുന്നവരിൽ നിന്ന് ചെറിയ ഫീസ് ഈടാക്കിയാൽ വികസന സമിതിക്ക് അത് വരുമാനമാർഗവുമാകും. വികസന സമിതി ചെയർമാൻ കൂടിയായ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.