അമ്പലപ്പുഴ: പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ച് പുറത്തിറങ്ങിയ ആൾ നടത്തിയ ആക്രമണത്തിൽ, ചായക്കട നടത്തുന്ന വീട്ടമ്മയ്ക്ക് വെട്ടേറ്റു. ഭക്ഷണം കഴിച്ചതിന്റെ ബാക്കി തുക സംബന്ധിച്ച തർക്കത്തിനൊടുവിൽ പുന്നപ്ര വടക്കു പഞ്ചായത്ത് മൂന്നാം വാർഡ് താനാകുളം അമ്മൂസ് ദേവസ്വം പറമ്പിൽ ബാലു മേനോന്റെ ഭാര്യ സരസ്വതിക്കാണ് (47) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാടയ്ക്കൽ തൈപ്പറമ്പ് വീട്ടിൽ മണിയപ്പനെ (66) പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തെപ്പറ്റി പൊലീസ് പറയുന്നത്: ഇന്നലെ രാവിലെ 10ന് ആയിരുന്നു സംഭവം. കളർകോട് താനാകുളം ക്ഷേത്രത്തിനു സമീപം സരസ്വതി നടത്തുന്ന ചായക്കടയിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച ശേഷം മണിയപ്പൻ 500 രൂപയുടെ നോട്ട് നൽകി. ബാക്കി രൂപ സരസ്വതി തിരിച്ചുനൽകിയെങ്കിലും ഇന്നലെ രാവിലെ എത്തിയ മണിയപ്പൻ ബാക്കിയെച്ചൊല്ലി തർക്കം ഉണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് സരസ്വതിയുടെ തലയ്ക്കും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മണിയപ്പനെ നാട്ടുകാർ പിടികൂടി പുന്നപ്ര പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പുന്നപ്ര എസ്.ഐ അബ്ദുൾ റഹിമിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ കുതറി ഓടി രക്ഷപ്പെടാനും ശ്രമം നടത്തി. 26 വർഷം മുൻപാണ് സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് ദാമോദരനെ മണിയപ്പൻ വെട്ടിക്കൊന്നത്. ജീവപര്യന്തം തടവിനു ശേഷം 2011 നാണ് ഇയാൾ പുറത്തിറങ്ങിയത്. പ്രതിയെ അമ്പലപ്പുഴ കോടതി റിമാൻഡു ചെയ്തു.