# അപ്രോച്ച് റോഡില്ലാതെ അന്ധകാരനഴി വടക്കേപ്പാലം
തുറവൂർ: കാത്തിരിപ്പിന്റെ ഒരു വ്യാഴവട്ടക്കാലത്തിനൊടുവിൽ പൂർത്തിയായ അന്ധകാരനഴി വടക്കേപ്പാലം അപ്രോച്ച് റോഡിനു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ. തോപ്പുംപടി - ആലപ്പുഴ തീരദേശ പാതയിലെ പ്രധാന പാലമാണ് അധികൃതരുടെ മെല്ലെപ്പോക്കു മൂലം നോക്കുകുത്തിയായത്.
അപ്രോച്ച് റോഡ് നിർമ്മിച്ചാൽ അടുത്ത നിമിഷം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയും. റോഡിനായി ഇരുഭാഗത്തും സ്ഥലമെടുപ്പ് പൂർത്തിയായി. എന്നിട്ടും പാലം തുറന്നുകൊടുക്കുന്ന കാര്യത്തിൽ അധികൃതർ യാതൊരു ജാഗ്രതയും കാട്ടുന്നില്ല. സുനാമി ഫണ്ട് ഉപയോഗിച്ച് ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 12 വർഷം മുൻപാണ് വടക്കേ സ്പിൽവേ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. തെക്കേ സ്പിൽവേയിലെ പാലം പണി അതിവേഗം പുർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എന്നാൽ പല തവണ നിലച്ച വടക്കേപാലത്തിന്റെ നിർമ്മാണം നിരന്തര സമരങ്ങൾക്കും മുറവിളികൾക്കുമൊടുവിലാണ് പൂർത്തിയായത്.
കാലപ്പഴക്കമേറിയ, നിലവിലെ പഴയ വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്. ഈ പാലം ഏറെ അപകടാവസ്ഥയിലാണ്. വർഷങ്ങൾക്ക് മുമ്പുതന്നെ പഴയ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര അധികൃതർ നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും മറ്റു മാർഗ്ഗം ഇല്ലാത്തതിനാൽ ഇപ്പോഴും ഈ പാലത്തിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ളവ കടന്നുപോകുന്നത്. തുറമുഖ വകുപ്പാണ് പാലം നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തീകരണം വൈകുന്നതുമൂലം ആലപ്പുഴ, ചേർത്തല ഭാഗത്തു നിന്നു ചെല്ലാനം തോപ്പുംപടി ഭാഗത്തേക്ക് വരുന്ന പല ബസുകളും അന്ധകാരനഴിയിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ഇതിനാൽ അന്ധകാരനഴി, പളളിത്തോട് പ്രദേശങ്ങളിൽ യാത്രാ ക്ലേശവും രൂക്ഷമാണ്. തീരദേശ വികസനം ലക്ഷ്യം വച്ചാണ് അന്ധകാരനഴിയിൽ കോടികൾ ചെലവഴിച്ച് രണ്ടു സ്പിൽവേ പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചത്.
..................................................
'അന്ധകാരനഴി വടക്കേപാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള പ്രാഥമിക ജോലികൾക്ക് തുടക്കമായിട്ടുണ്ട്. വൈകാതെ റോഡ് നിർമ്മിച്ച് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'
(കെ.ആർ.പ്രമോദ്, പ്രസിഡന്റ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത്)