photo

ചേർത്തല: കുട്ടികളുടെ പ്രവേശനത്തിൽ റെക്കാഡ് സൃഷ്ടിച്ച ചേർത്തല ടൗൺ എൽ.പി.എസ് മന്ത്രി ഡോ. തോമസ് ഐസക് സന്ദർശിച്ചു. ഒരു മണിക്കൂർ കൊണ്ട് 247 കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകിയാണ് സ്കൂൾ മാതൃകയായത്.

ഇന്നലെ ഉച്ചയോടെയെത്തിയ മന്ത്റി സ്‌കൂളിന്റെ മികവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അധികൃതരിൽനിന്ന് മനസിലാക്കി. കുട്ടികളുടെ എണ്ണം വർഷംതോറും ഉയരുന്നതും അതിന് അനുസൃതമായി അടിസ്ഥാന സൗകര്യം ഇല്ലാത്തതും സ്കൂൾ അധികൃതർ മന്ത്റിയെ ധരിപ്പിച്ചു. പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലസൗകര്യം ഇല്ലാത്തതാണ് മുഖ്യമായ പ്രശ്നം. പഴയ കെട്ടിടം പൊളിച്ചുനീക്കി ബഹുനില കെട്ടിടം നിർമ്മിക്കണമെങ്കിൽ നിലവിലുള്ള ഏതാനും ക്ലാസുകൾ താത്കാലികമായി മാ​റ്റണം. സമീപത്തുള്ള ദേവസ്വംബോർഡിന്റെ ഭൂമി വിട്ടുകിട്ടാൻ ഇപെടൽ ഉണ്ടാകണമെന്ന് മന്ത്രിയോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. കുട്ടികളെയും രക്ഷിതാക്കളെയും ഈ സർക്കാർ സ്‌കൂളിലേക്ക് ആകർഷിക്കുന്ന അധികൃതരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്റി പറഞ്ഞു. എൽ.കെ.ജിയിലും യു.കെ.ജിയിലും ഉൾപ്പെടെ 650 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രഥമാദ്ധ്യാപിക ആർ.പുഷ്പലത,എസ്.എം.സി ചെയർമാൻ കെ.ബി.സാനു, രക്ഷാധികാരി അഡ്വ.കെ.സി.രമേശൻ, വൈസ് ചെയർമാൻ പി.ടി.സതീശൻ, എം.പി.ടി.എ പ്രസിഡന്റ് പ്രശോഭ, സ്റ്റാഫ് സെക്രട്ടറി ബി.എൻ.മധു, സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ, പി.എം.പ്രമോദ്,കെ.പി. പ്രതാപൻ,അനിൽ മാടയ്ക്കൽ,വിനോദ് എന്നിവർ ചേർന്ന് മന്ത്റിയെ സ്വീകരിച്ചു.