മാവേലിക്കര: കണ്ടിയൂർ ക്ഷേത്രക്കുളത്തിനു സമീപം ആറു വയസുകാരിയെ ബൈക്കിടിച്ചു വീഴ്ത്തി കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ഏപ്രിൽ 29ന് വൈകിട്ട് 3.45നാണ് അമിത വേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. തലപൊട്ടി രക്തം വാർന്ന് ബോധരഹിതയായ കുട്ടിയെ നാട്ടുകാർ കണ്ടിയൂരുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നു ബൈക്ക് യാത്രികനായ യുവാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷിയായ, കുട്ടിയുടെ സഹോദരി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ സംഭവം വൈറലായിരുന്നു.