tv-r

# രാത്രി എട്ടിന് തെളിയും, അണയുന്നത് രാവിലെ ഏഴരയ്ക്ക്!

തുറവൂർ: ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റിൽ മഞ്ഞ വെളിച്ചം ഇല്ലെന്ന പരാതിക്കു പിന്നാലെ, ജംഗ്ഷനിലെ എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റ് ക്രമംതെറ്റി തെളിയുന്നത് മറ്റൊരു തലവേദനയായി.

രാത്രി എട്ടുമണി ആയെങ്കിൽ മാത്രമേ ആട്ടോമാറ്റിക് എൽ.ഇ.ഡി ലൈറ്റ് തെളിയുകയുള്ളൂ. അണയണമെങ്കിൽ പിറ്റേന്നു രാവിലെ ഏഴരയാവണം. അഞ്ചു വർഷത്തിനിടെ മൂന്നു തവണ ഈ ലൈറ്റ് പണിമുടക്കിയിരുന്നു. ഏറ്റവും അവസാനം നടത്തിയ അറ്റകുറ്റപ്പണിയിൽ ലൈറ്റിന്റെ ടൈമിംഗ് തെറ്റിയതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

2014 ജൂലായിൽ കെ.സി.വേണുഗോപാൽ എം.പി.യുടെ ഫണ്ടിലുൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് എൽ.ഇ.ഡി സ്ഥാപിച്ചത്. ആറ് മാസം മുമ്പാണ് ഏറ്റവും ഒടുവിൽ അറ്റകുറ്റപ്പണി നടത്തിയത്. തുറവൂർ കവലയുടെ ഹൃദയഭാഗത്ത് മീഡിയനിൽ പരസ്യബോർഡുകളുമായി ഒരു ഡസനിലധികം വൈദ്യുതി ലൈറ്റുകൾ തെളിയാതെ കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വെളിച്ചക്കുറവ് പ്രശ്നമായി മാറിയ കവലയിൽ പിന്നീട് സ്ഥാപിച്ച ഈ എൽ.ഇ.ഡി ലൈറ്റ് സിസ്റ്റമാണ് ഒരു പരിധി വരെ അനുഗ്രഹമായിരുന്നത്.

സമീപത്ത് തുറവൂർ മഹാക്ഷേത്രമുൾപ്പെടെ സ്ഥിതി ചെയ്യുന്നതിനാൽ വൈകുന്നേരങ്ങളിലും രാത്രി എട്ടുമണി വരെയും നൂറ് കണക്കിന് പേരാണ് വന്നു പോകുന്നത്. വെളിച്ചമില്ലാത്തതിനാൽ ഡ്രൈവർമാരും കാൽനട യാത്രികരും വലയുകയാണ്. തുറവൂർ ഗ്രാമപഞ്ചായത്താണ് എൽ.ഇ.ഡി ലൈറ്റ് സിസ്റ്റത്തിന്റെ സംരക്ഷണവും അറ്റകുറ്റപ്പണിയും നടത്തേണ്ടത്.

................................................

'കവലയിലെ ആധുനിക ലൈറ്റ് സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ നല്ല ടെക്നിഷ്യനെ കിട്ടാത്തതാണ് പ്രധാന പ്രശ്നം. പഞ്ചായത്ത് സെക്രട്ടറിയുമായി ആലോചിച്ച് അടിയന്തര നടപടി ഉടൻ സ്വീകരിക്കും'

(അനിതാ സോമൻ, പ്രസിഡൻറ്, തുറവൂർ ഗ്രാമപഞ്ചായത്ത്)