ചേർത്തല: കളമശേരിയിൽ പെട്രൊൾ ഒഴിച്ച് ഭാര്യയെയും ഭാര്യാമാതാവിനെയും ഒന്നര വയസുള്ള മകനെയും കത്തിച്ചുകൊന്ന സഭംവത്തിലെ പ്രതി ചേർത്തല സ്വദേശി സിജിക്ക് (41) നാലു ഭാര്യമാരുണ്ടെന്ന് നാട്ടുകാർ. തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് (കുമാരം കോളനി) തോപ്പുവെളി പ്രകാശന്റെയും പങ്കജവല്ലിയുടെയും മകനായ ഇയാളെ കാണാനില്ലെന്ന് ചേർത്തലക്കാരിയായ ഭാര്യ ചന്ദ്രലേഖ ചേർത്തല പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. നാലു വർഷം മുമ്പാണ് ഇയാൾ ചേർത്തലയിൽ അവസാനമായി എത്തിയത്. ചന്ദ്രലേഖയുമായി പിണങ്ങിയ ശേഷം ഇവരുടെ സഹോദരിയെ വിവാഹം ചെയ്ത് മറ്റെവിടേക്കോ പോയതായി നാട്ടുകാർ പറയുന്നു. ഇവരെയും ഉപേക്ഷിച്ച ശേഷം മറ്റൊരു സ്ത്രീയെ സിജി വിവാഹം ചെയ്തു. ഇത് ആരാണെന്ന് നാട്ടുകാർക്ക് അറിയില്ല. ചന്ദ്രലേഖയുടെ സഹോദരിയേപ്പറ്റിയും നാട്ടിലുള്ളവർക്ക് അറിവില്ല. കണ്ണൂരിലേക്കെന്നു പറഞ്ഞാണ് സിജി ചന്ദ്രലേഖയുടെ മുന്നിൽ നിന്നു മുങ്ങിയത്.
ചന്ദ്രലേഖയിൽ ഇയാൾക്ക് 18 വയസുള്ള പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്.
നിലവിലെ ഭാര്യ ബിന്ദു (29), ഒന്നര വയസുള്ള മകൻ ശ്രീഹരി, ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലി (55) എന്നിവരെയാണ് സിജി തീകൊളിത്തി കൊന്നത്. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു സിജി.