a

മാവേലിക്കര: ചെട്ടികുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ പത്തിയൂർ തോട്ടത്തുംമുറി വേളൂത്തറ വടക്കതിൽ ലക്ഷം വീട്ടിൽ രാജലക്ഷ്മി (36) പൊലീസിന്റെ തന്ത്രപരമായി നീക്കത്തിനൊടുവിൽ കുടുങ്ങി.

ഏപ്രിൽ 24 നാണ് ഇവർ മാലയും കമ്മലും പണയം വച്ച് 11,000 രൂപ വാങ്ങിയത്. ആഭരണത്തിൽ സംശയം തോന്നിയ ബ്രാഞ്ച് മാനേജർ പണവുമായി പോയ യുവതിയെ പിന്തുടർന്നെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇതിന് മുൻപ് ഇവർ ഇവിടെ പണയം വച്ച ആഭരണങ്ങൾ പരിശോധിച്ചപ്പോൾ അവയും മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞു. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ രാജലക്ഷ്മി ഒളിവിൽ പോയി. ഇവരുടെ കാമുകനെ കണ്ടെത്തിയ പൊലീസ് ഇയാൾ വഴി രാജലക്ഷ്മിയെ ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപമെത്തിക്കുകയായിരുന്നു. ഇവിടെ മഫ്തിയിലുണ്ടായിരുന്ന വനിതാ പോലീസ് അടങ്ങിയ സംഘം ഇവരെ അറസ്റ്റു ചെയ്തു. ഇവർ ജോലി ചെയ്തിരുന്ന വീടുകളിൽ നിന്നു ആഭരണങ്ങൾ കവർന്നിട്ടുള്ളതായും പല ധനകാര്യ സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാവേലിക്കര സി.ഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ എസ്.ഐ പി.കെ. ശ്രീധരൻ, സി.പി.ഒമാരായ സിനു വർഗീസ്, ശരത്, അശോക്, ഷൈൻ, വനിതാ സി.പി.ഒ രേണുക എന്നിവരടങ്ങിയ സംഘമാണ് രാജലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.