ഹരിപ്പാട്: വിജയത്തിന്റെ മധുരം നുണയാൻ കഴിയാതെ വിടപറഞ്ഞ ആദർശ്, നൂറ് ശതമാനം വിജയത്തിലും മുതുകുളം കെ.വി സംസ്‌കൃത സ്കൂളിന് കണ്ണീരോർമ്മയായി. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് സുഹൃത്തുക്കളുമായി കായംകുളം കായലിൽ കക്ക വാരാനിറങ്ങിയ രാമപുരം തൈപ്പള്ളിൽ പടീറ്റതിൽ വാടകയ്ക്ക് താമസിക്കുന്ന മുതുകുളം വടക്ക് കാടാമ്പളളിൽ കിഴക്കതിൽ രാജീവിന്റെയും വിനീതയുടേയും മകൻ ആദർശ് (15) മാർച്ച് 29നാണ് മുങ്ങി മരിച്ചത്.
ഇന്നലെ എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നപ്പോൾ ആദർശ് ഉൾപ്പെടെ സ്കൂളിലെ എല്ലാവരും വിജയിച്ചു. ആദർശ് മൂന്ന് വിഷയങ്ങൾക്ക് എ പ്ളസും, രണ്ട് എയും, മൂന്ന് ബി പ്ളസും, രണ്ട് സി പ്ളസും വാങ്ങിയാണ് വിജയിച്ചത്. വിജയം ആഘോഷിക്കാൻ സ്കൂളിലെത്തിയ എല്ലാവരെയും ആദർശിന്റെ ഓർമ്മകൾ ഈറനണിയിച്ചു. ആദർശും മൂന്ന് സുഹൃത്തുക്കളുമായി വെട്ടത്തുകടവിന് വടക്കാണ് കുളിക്കാനും കക്ക വാരാനുമായി ഇറങ്ങിയത്. ഇതിനിടെ ആദർശിനെ കാണാതായി.കൂട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആദർശിന്റെ മൃതദേഹം കണ്ടെടുത്തത്.