ചേർത്തല:പരീക്ഷ തലേന്ന് വീടിന് മുകളിൽ നിന്ന് വീണ് ഇരുകൈകളുടെയും കുഴതെറ്റിയ ജുനൈദ് സഹായിയെ ഉപയോഗിച്ച് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി.ചേർത്തല മുട്ടംഹോളി ഫാമിലി എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് കടക്കരപ്പള്ളി തയ്യിൽ നസീറിന്റെയും റാഹിനയുടെയും മകനായ ജുനൈദ്. സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായ വയലാർ 12-ാം വാർഡ് ഉഴുവ കുറ്റാരത്തിൽച്ചിറ തങ്കച്ചന്റെയും ആൻസിയുടെയും മകൻ അതുലാണ് ജുനൈദിനായി പരീക്ഷയെഴുതിയത്.ജുനൈദ് പറഞ്ഞു കൊടുത്തു അതുൽ എഴുതി.
കഴിഞ്ഞ മാർച്ച് 13നായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്.12ന് വൈകിട്ടോടെ മാങ്ങാപറിക്കുന്നതിനായി വീടിന്റെ മുകളിൽ കയറിയ ജുനൈദ് കാൽ വഴുതി തറയിൽ കൈകുത്തി വീഴുകയായിരുന്നു.ഇരു കൈകളുടെയും കുഴതെറ്റിയ ജുനൈദിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്ലാസ്റ്റർ ഇട്ട് രണ്ട് മാസം വിശ്രമം എടുക്കണമെന്നും പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പിറ്റേന്ന് ആരംഭിക്കുന്ന പരീക്ഷ എഴുതാൻ പറ്റില്ലെന്ന് ദുഖിച്ച് ഇരിക്കുമ്പോഴാണ് ദൈവദൂതന്റെ രൂപത്തിൽ അതുലിന്റെ വരവ്.ജുനൈദിന്റെ ക്ലാസ് ടീച്ചർ വിജു ജോസഫ് മുൻകൈയെടുത്ത് ഡി.ഇ.ഒയുടെ അനുമതിയോടെ അതുലിനെ സഹായിയായി നിശ്ചയിക്കുകയായിരുന്നു.