അരൂർ: തിരക്കേറിയ റോഡിനു സമീപം വള്ളിച്ചെടികൾ പടർന്നു കയറിയ വൈദ്യുതി പോസ്റ്റ് അപകട ഭീതി ഉയർത്തുന്നു. അരൂർ പഞ്ചായത്തിലെ കോട്ടപ്പുറം റോഡിലാണ് പോസ്റ്റ് ഭീഷണിയാവുന്നത്.
റോഡിൽ നിന്ന് പടർന്ന് കയറിയ വള്ളിപ്പടർപ്പുകൾ വൈദ്യുതി ലൈനിൽ നിന്ന് താഴേക്കു തൂങ്ങി നിൽക്കുന്ന നിലയിലാണ്. മഴ സമയത്ത് വള്ളിപ്പടർപ്പിൽ നിന്ന് കാൽനടയാത്രികർക്ക് ചെറിയ തോതിൽ വൈദ്യുതാഘാതമേറ്റിട്ടുണ്ട്. രാത്രിയിൽ പോസ്റ്റിലെ വഴിവിളക്ക് തെളിഞ്ഞാലും വള്ളിച്ചെടികൾ പൊതിഞ്ഞിരിക്കുന്നതിനാൽ പരിസരത്ത് വെളിച്ചം ലഭിക്കാറില്ല.
വീതി കുറഞ്ഞതും എന്നാൽ ഏറെ തിരക്കുള്ളതുമായ കോട്ടപ്പുറം റോഡിലൂടെ വലിയ വാഹനങ്ങൾ വരുമ്പോൾ കുട്ടികളും പ്രായമുള്ളവരും അരികിലേക്ക് നീങ്ങി നിൽക്കുന്നതിനിടെ ഈ പോസ്റ്റിൽ കൈ വെക്കാറുണ്ട്. ഇത് അപകടം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. പല തവണ അരൂർ ഇലക്ട്രിക്കൽ സെക്ഷൻ അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.