water

# പഴയനടക്കാവ് റോഡിൽ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നു

ആലപ്പുഴ: കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ കളർകോട് പഴയ നടക്കാവ് റോഡിൽ എസ്.ഡബ്ല്യു.എസ് ജംഗ്ഷന് തെക്കുവശം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

പുന്നപ്ര വടക്ക് പഞ്ചായത്ത് അധീനതയിലാണ് ഈ ഭാഗം. നാട്ടുകാർ പല തവണ അധികൃതരെ പരാതി അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല. എങ്ങനെയാണ് പൈപ്പ് പൊട്ടിയതെന്ന് വ്യക്തമല്ല. റോഡിന്റെ ഇരുവശവും കഴിഞ്ഞ ദിവസം വൃത്തിയാക്കിയിരുന്നു. ഇതിനിടെയാണ് പൈപ്പ് പൊട്ടിയതെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ജോലിക്കാർ നിഷേധിച്ചു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ഭാരവാഹനങ്ങൾ ഉൾപ്പെടെ പഴയ നടക്കാവിലൂടെയാണ് കടന്നു പോകുന്നത്. ഇതും പൈപ്പ് പൊട്ടലിന് കാരണമാവാം. പമ്പിംഗ് നടക്കുന്ന സമയത്താണ് വെള്ളം കൂടുതലായി പാഴാകുന്നത്. റോഡിൽ വെള്ളക്കെട്ട് ആയതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രികരുടെ ദേഹത്ത് വെള്ളം തെറിച്ചു വീഴുന്നതും പതിവാണ്. ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ നായ്ക്കളുടെ 'കുളിക്കടവ്' ആയി മാറിയിരിക്കുകയാണ് ഇവിടം. ഈ വെള്ളമാണ് പിന്നീട് ഇതേ പൈപ്പുവഴി വീടുകളിലേക്ക് എത്തുന്നത്!

................................................

'എസ്.ഡബ്ലു.എസ് ജംഗ്ഷനിൽ പൈപ്പ് പൊട്ടിയതിനെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ല. ഇത് അന്വേഷിച്ച് ഉടൻ പരിഹാരം കാണും'

(വാട്ടർ അതോറിട്ടി അധികൃതർ)

......................................

' പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചയായി. വാട്ടർ അതോറിട്ടിയിലും കരാറുകാരെയും വിവരം അറിയിച്ചിരുന്നു. പരാതി നൽകിയിട്ടുണ്ട്'

(രമാദേവി, വാർഡ് പ്രതിനിധി)