photo-road


ചാരുംമൂട്: ദേശീയ നിലവാരത്തിലേക്ക് ഉയർത്തി പണിത പത്താംമൈൽ - പന്തളം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം ഇരുചക്രവാഹന യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. റോഡിന്റെ പൊക്കം ഉയർത്തിയതോടുകൂടി ഇരുവശങ്ങളിലും വൻ താഴ്ചയിലായി. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ വശങ്ങളിലേക്ക് മാറി ഓടുന്ന ഇരുചക്രവാഹനങ്ങളും കാറുകളുമാണ് നിത്യവും അപകടത്തിൽപ്പെടുന്നത്. റോഡ് ഉയർത്തിയ ശേഷം നൂറനാടിനും കുടശ്ശനാടിനും ഇടയിൽ മുപ്പതോളം വാഹനാപകടങ്ങൾ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽപ്പെട്ട് മണിക്കൂറുകളോളം ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നു. ഇദ്ദേഹം ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്. റോഡിന്റെ ഇരുവശങ്ങളിലെ വീടുകളിൽ നിന്നും റോഡിലേക്ക് വാഹനമിറക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഉയരം കൂട്ടിയ റോഡിന്റെ ഉപരിതലയളവിൽ ഇരു ഭാഗങ്ങളിലേക്കും ചരിച്ചുള്ള കോൺക്രീറ്റു ബെൽറ്റ് ഇനിയും നിർമ്മിക്കുവാൻ ബാക്കിയാണ്.ഇതിന്റെ നിർമ്മാണം വേഗത്തിലാക്കിയാൽ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന വാഹന അപകടങ്ങൾ ഒഴുവാക്കാൻ സഹായകരമാകുമെന്നാണ് നാട്ടുകാർ പറയുന്നു.


ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു

ചാരുംമൂട്: നൂറനാട് പത്താംമൈൽ - പന്തളം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഓരോ ദിവസവും അഞ്ചും പത്തും വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. അടിയന്തിരമായി ഇരുവശങ്ങളിലേയും കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കണമെന്ന് പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം അനിൽ നൂറനാട് ആവശ്യപ്പെട്ടു. ബിജെപി കാവുംപാട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ബൂത്ത് പ്രസിഡന്റ് ബാബു മണ്ണാറ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആർ.രാജീവ്, അജിത് തൃപാദം, രാജീവ് ഉണ്ണിത്താൻ, പുരുഷോത്തമൻ ഉണ്ണിത്താൻ, ഉദയൻ ,ജയൻ ,രാജേഷ്, ബാബു തുടങ്ങിയവർ സംസാരിച്ചു