അമ്പലപ്പുഴ : പാലം പണിയെ തുടർന്ന് നിറുത്തി വച്ചിരുന്ന ജങ്കാർ സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. നെടുമുടി - തകഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടഹാരത്ത് ഉണ്ടായിരുന്ന ജങ്കാറാണ് വീണ്ടും സർവീസ് തുടങ്ങിയത്.
പടഹാരം പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു ജങ്കാർ മാറ്റണമെന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ് പുതിയ സാമ്പത്തിക വർഷത്തിൽ ജങ്കാറിന്റെ കരാർ പുതുക്കി നൽകാതിരുന്നതെന്നാണ് തകഴി പഞ്ചായത്ത് അധികൃതർ പറയുന്നത്. നെടുമുടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വേഗത്തിൽ അമ്പലപ്പുഴ-തിരുവല്ല റോഡിൽ എത്താൻ സാധിക്കുന്നതിനാൽ ഒട്ടേറെയാളുകളാണു ഈ ജങ്കാറിനെ ആശ്രയിക്കുന്നത്. ജങ്കാർ നിർത്തിയിരുന്നതുമൂലം സ്വകാര്യ കടത്തു വള്ളത്തിലാണ് യാത്രക്കാർ മറുകരയിൽ പോയിരുന്നത്.പാലം പണി പൂർത്തിയാകുന്നതു വരെ ജങ്കാർ സർവ്വീസ് തുടരണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് സർവീസ് പുനരാരംഭിച്ചത്.