sndp

ആലപ്പുഴ: ആർ. ശങ്കറിനെ തകർത്ത പ്രേതങ്ങൾ യോഗത്തെയും ട്രസ്റ്റിനെയും ഇപ്പോഴും വേട്ടയാടുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. ചേർത്തല എസ്.എൻ കോളേജിൽ യോഗത്തിന്റെ 113-ാമത് വാർഷിക പൊതുയോഗത്തിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.

'ആർ. ശങ്കറിനെ തകർത്തതിലൂടെ എന്തു നേടി? ഒന്നും നേടിയില്ല. തൊടുപുഴക്കാരനായ വക്കീലിന്റെ ഡ്യൂപ്പാണ് യോഗത്തിനെതിരെ ഇപ്പോൾ കേസുമായി നിൽക്കുന്നത്. പഴയ പ്രേതങ്ങൾ പുതിയ രൂപത്തിൽ
ഇപ്പോഴും വിളയാടുന്നു. യോഗത്തിൽ റിസീവറെ വയ്ക്കണമെന്നാണ് അവർ പറയുന്നത്. സോളിസിറ്റർ ജനറലായിരുന്നയാൾക്കാണ് യോഗം വക്കാലത്ത് നൽകിയിരിക്കുന്നത്. മോഹഭംഗം വന്ന ചില നേതാക്കൾ ഒത്തുകൂടി അനാവശ്യമായ കേസുകൾ നൽകി യോഗത്തിന്റെ ഓജസും തേജസും തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ എസ്.എൻ.ഡി.പി യോഗത്തിന്റെ കൂട്ടായ്മ തകർക്കുന്നു. ഈഴവ സമുദായ നേതാക്കൾക്കെതിരെ കോലം കത്തിക്കലും ധർണയും നടക്കുന്നതുപോലെ മറ്റ് സമുദായങ്ങളിൽ നടക്കുന്നുണ്ടോ? നമ്മുടെ സംഘടനാ ശക്തി തകർക്കുകയാണ് ലക്ഷ്യം.

യോഗം പ്രസിഡന്റ് എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ. എ.എൻ. രാജൻബാബു തടങ്ങിയവർ പങ്കെടുത്തു. യോഗം കൗൺസിലർ പി.ടി. മൻമഥൻ നന്ദി പറഞ്ഞു.

സ്ഥാനാർത്ഥികളെ

നിർണയിച്ചതിൽ

സവർണ മേധാവിത്വം

എല്ലാവരാലും കബളിപ്പിക്കപ്പെട്ട സമുദായമായി ഈഴവ സമുദായം മാറി. മൂന്ന് മുന്നണികളും സ്ഥാനാർത്ഥിയെ നിർണയിച്ചതിൽ നടത്തിയത് സവർണ മേധാവിത്വമാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോ? ലോക് സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും വയനാട്ടിലും താത്പര്യമില്ലെന്ന് എൻ.എസ്.എസ് പറഞ്ഞപ്പോൾ ആരെങ്കിലും എതിർത്ത് മിണ്ടിയോ? സമത്വ മുന്നേറ്റ യാത്ര നടത്തിയപ്പോൾ എന്നെ ജയിലിലടയ്ക്കാൻ ശ്രമിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല എനിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. ചെന്നിത്തലയ്ക്ക് എങ്ങനെ ആഭ്യന്തര മന്ത്രി സ്ഥാനം കിട്ടി? ചങ്ങനാശേരിയിൽ നിന്ന് കൽപ്പിച്ചതനുസരിച്ച് ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്ക് ആ പദവി നൽകി.

ശബരിമല പ്രശ്നം വന്നപ്പോൾ എന്നെ കുരിശിലേറ്റി. ഞാൻ ഒരുപാട് വേദനിച്ചു. ശബരിമല പ്രശ്നത്തിൽ തെരുവിലിറങ്ങരുതെന്ന് താൻ പറഞ്ഞത് പുന്നപ്ര വയലാർ സമരം മുന്നിലുള്ളതുകൊണ്ടായിരുന്നു. ആ സമരത്തിൽ മരിച്ചവരിൽ 90 ശതമാനവും ഈഴവരായിരുന്നു. ശബരിമല പ്രശ്നത്തിൽ ജയിലിലായ സുരേന്ദ്രൻ പുറത്തിറങ്ങാൻ എത്ര നാളെടുത്തു? മറ്റുള്ളവർ എത്ര പെട്ടെന്നാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. എനിക്കെതിരെ എന്തെല്ലാം വിമർശനമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്താണ് ഞാൻ ചെയ്ത തെറ്റ്? എസ്.എൻ.ഡി.പി യാേഗവും ബോർഡും കൗൺസിലും ചർച്ച ചെയ്ത തീരുമാനങ്ങളാണ് ഞാൻ പറഞ്ഞത്. അല്ലാതെ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായമല്ല'- വെള്ളാപ്പള്ളി പറഞ്ഞു.