sg

ഹരിപ്പാട്: ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും പഠന മികവുകാട്ടിയ മഞ്ജിമയുടെ വിജയത്തിന് തിളക്കമേറെ. എസ്.എസ്.എൽ.സി പരീക്ഷയിൽ 8 എ പ്ളസും രണ്ട് എയും നേടിയാണ് ഈ കൊച്ചുമിടുക്കി പഠന മി​കവ് തെളിയിച്ചത്. വെട്ടുവേനി ഗീതാജ്ഞലിയിൽ രാജേഷ് - തുളസി ദമ്പതികളുടെ മകളാണ് മഞ്ജിമ. സ്വന്തമായി വീടില്ലാതെ കഴിഞ്ഞ 4 വർഷമായി അലയുകയാണ് മഞ്ജിമയുടെ കുടുംബം. സ്വന്തമായി റേഷൻ കാർഡ് പോലുമില്ല. കഴിഞ്ഞ പ്രളയകാലത്ത് താമസിക്കുന്ന വാടക വീട്ടിൽ വെള്ളം കയറി മഞ്ജിമയുടേയും സഹോദരന്റെയും പുസ്തകങ്ങളും ആധാർ കാർഡുകളും നഷ്ടപ്പെട്ടിരുന്നു. അടുത്തുള്ള ദുരിതാശ്വാസ കേന്ദ്രത്തിലും ബന്ധുവീടുകളിലുമായിട്ടായിരുന്നു താമസം. പിതാവ് രാജേഷിന് വല്ലപ്പോഴും കിട്ടുന്ന കൂലിവേലയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനവും തയ്യൽ തൊഴിലാളിയായ മാതാവ് തുളസിയുടെ ചെറിയ വരുമാനവും കൊണ്ടാണ് നാലംഗ കുടുംബം കഴിഞ്ഞു പോകുന്നത്. സ്വന്തമായിട്ട് ഒരു കിടപ്പാടമെന്നത് സ്വപ്നമായി അവശേഷിക്കുന്നു. സഹോദരൻ രാഹുലും പഠിക്കുവാൻ മിടുക്കനാണ്. തുടർന്നും നന്നായി പഠിച്ച് അദ്ധ്യാപികയാകണമെന്നാണ് മഞ്ജിമയുടെ ആഗ്രഹം. ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.