ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ മനു വർഗീസിനും കുടുംബത്തിനും തലചായ്ക്കാൻ ഇടമില്ല. പ്രളയ രക്ഷാപ്രവർത്തനം നടത്തിയതിന് ജില്ലാ ഭരണകൂടം അവാർഡ് നൽകി ആദരിച്ച വർഗീസിന് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല. ഇല്ലായ്മയുടെ നടുവിൽ നിന്നാണ് മനു ഈ വിജയം നേടിയത്.
പുന്നപ്ര പറവൂർ പടിഞ്ഞാറ് അറയ്ക്കൽ പരുത്തിക്കളം വീട്ടിൽ വർഗീസും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. മനുവിന് സ്നേഹ, അനു എന്നീ സഹോദരങ്ങളുമുണ്ട്. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു മനു. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കകൂളിൽ പ്ളസ് വണ്ണിന് ചേരാനാണ് ആഗ്രഹം.
സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് പലതവണ പഞ്ചായത്തിലും മത്സ്യഫെഡിലും അപേക്ഷ സമർപ്പിച്ചെങ്കിലും ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. ഷീറ്റിട്ട ഒരു ചെറിയ വാടക വീട്ടിലാണ് താമസം. വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം കെട്ടിട ഉടമ ആവശ്യപ്പെട്ടു. എങ്ങോട്ട് പോകുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴായിരുന്നു മകന്റെ വിജയം സന്തോഷമായെത്തിയത്. അതോടെ വർഗീസിൻെറയും ഭാര്യ മേരിക്കുഞ്ഞിൻെറയും മനസിൽ സന്തോഷത്തിരമാലകൾ ആർത്തിരമ്പി. സ്‌നേഹ പത്താംക്ളാസിലും ആതിര എട്ടാം ക്ളാസിലും പഠിക്കുന്നു.