ഹരിപ്പാട്: പ്ളസ് ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പ്രണവ് നാടിന്റെ അഭിമാനമായി.
താമല്ലാക്കൽ 'ആതിര'യിൽ ടൂട്ടോറിയൽ അദ്ധ്യാപകനായ സുരേഷ് കുമാറിന്റെയും ഹരിപ്പാട് ബി.ആർ.സിയിലെ അഞ്ജനയുടെയും മകനാണ്. കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂളിൽ പത്താം ക്ളാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയാണ് പ്രണവ് വിജയിച്ചത്. ഐ.ഐ.ടിയിൽ ചേർന്ന് പഠനം തുടരാനാണ് ആഗ്രഹമെന്ന് പ്രണവ് പറഞ്ഞു. ഹരിപ്പാട് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി പൂജയാണ് സഹോദരി.
കലോത്സവ വേദികളിലും മിന്നും താരമാണ് പ്രണവ്. ഹിന്ദി പ്രസംഗത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡും, ഒൻപതാം ക്ളാസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഏഴാം ക്ളാസിലും ഒൻപതിലും പഠിക്കവേ രണ്ടു തവണ ശിശുക്ഷേമ സമിതിയുടെ പ്രസംഗ മത്സരത്തിൽ വിജയിയായി ജില്ലയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായിരുന്നു. 2015ൽ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി വിശാരദ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളം പ്രസംഗം, ഉപന്യാസം എന്നിവയിലെല്ലാം സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്.