ചേർത്തല: ഹയർസെക്കൻഡറി പരീക്ഷയിൽ ചേർത്തലയുടെ അഭിമാനമായി നാലു പെൺകുട്ടികൾ. കെ.എം.ശാർവരിഭട്ട്, നന്ദന രാധാകൃഷ്ണൻ, പി.ഗാർഗി, പി.അമൃത എന്നിവരാണ് ആകെ മാർക്കായ 1200ൽ ഒന്നു പോലും കൈമോശം വരാതെ വെട്ടിപ്പിടിച്ചത്.
# ലക്ഷ്യം നേവി: ശാർവരിഭട്ട്
മൂന്നു വർഷം മുമ്പ് ചേച്ചി സ്വന്തമാക്കിയ നേട്ടത്തിനൊപ്പം എത്താനായതിന്റെ ആഹ്ളാദത്തിലാണ് പട്ടണക്കാട് എസ്.സി.യു.വി ഗവ.വി.എച്ച്.എസ്.എസിൽ നിന്ന് ബയോ മാത്സിൽ മുഴുവൻ മാർക്കും നേടിയ ശാർവരി ഭട്ട്. പട്ടണക്കാട് പുതിയകാവ് ത്രിവേണിയിൽ സുബ്രഹ്മണ്യ ഭട്ടിന്റെയും (മുഹമ്മ കൊച്ചനാകുളങ്ങര ക്ഷേത്രം മേൽശാന്തി) ജയ എസ്.ഭട്ടിന്റെയും മകളാണ്. 2016 ൽ ബയോ മാത്സിൽ മുഴുവൻ മാർക്കും നേടിയാണ് സഹോദരി അക്ഷതാ ഭട്ട് വിജയിച്ചത്. നേവിയിൽ പ്രവേശനമാണ് ആഗ്രഹം.
# ഡോക്ടറാവും: നന്ദന രാധാകൃഷ്ണൻ
ചേർത്തല മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നു ബയോളജിയിലാണ് നന്ദന രാധാകൃഷ്ണൻ നേട്ടം കൈവരിച്ചത്. പള്ളിപ്പുറം കെ.ആർ പുരം വിളഞ്ഞൂർ വീട്ടിൽ പൊതുമരാമത്ത് റിട്ട. ഉദ്യോഗസ്ഥൻ വി.ജി.രാധാകൃഷ്ണന്റെയും ശ്രീകണ്ഠമംഗലം എൽ.പി സ്‌കൂൾ അദ്ധ്യാപിക എം.ആർ.രാജാമണിയുടെയും മകളാണ്. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. മാർഗംകളിയിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ട്. ഡോക്ടറാവുകയാണ് ലക്ഷ്യം. എൻട്രൻസിനായുളള തയ്യാറെടുപ്പുകളിലാണ് നന്ദന.
# ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക്: ഗാർഗി
ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഹ്യുമാനിറ്റീസിലാണ് ഗാർഗി നൂറുമേനി കൊയ്തത്. കിസാൻസഭ സംസ്ഥാന കൗൺസിൽ അംഗം പട്ടണക്കാട് കേശവീയത്തിൽ കെ.ജി. പ്രിയദർശനന്റെയും സി.എസ്.ശോഭയുടെയും മകളാണ്. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു. ഇക്കണോമിക്‌സ് ഓണേഴ്‌സിന് ചേരാനാണ് അഗ്രഹിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനമാണ് ലക്ഷ്യം.
# കേരളയിൽ പഠനം തുടരും: പി.അമൃത
കേരള വോളിബാൾ ടീമംഗവും അണ്ടർ 17 ഇന്ത്യൻ വോളിബാൾ താരവുമായ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പി. അമൃതയ്ക്ക് ഹ്യുമാനിറ്റീസിലാണ് സമ്പൂർണ്ണ നേട്ടം. ചേർത്തല മാടയ്ക്കൽ പ്രിയം വീട്ടിൽ സുരേഷ്‌കുമാറിന്റെയും പ്രിയയുടെയും മകളാണ്. വോളിയിൽ തുടരാനായി കേരള സർവകലാശാലയിൽ തന്നെയുള്ള പഠനമാണ് ലക്ഷ്യമിടുന്നത്.