bhasha

ചാരുംമൂട് : അന്താരാഷ്ട്ര മത്സരം കളിക്കുക എന്ന ആവശം മനസിൽ ഇരമ്പുമ്പോഴും ബാഷയുടെ മനസ് സന്തോഷത്തിന്റെ ഗോൾമുഖം കടന്നിട്ടില്ല. 'പണം" എന്ന കടമ്പ കടന്നാൽ അംഗപരിമിതനായ ബാഷ ഇന്ത്യൻ ടീമിന്റെ ബൂട്ടണിയും.

കെനിയയിൽ 16 മുതൽ 20 വരെ നടക്കുന്ന അംഗ പരിമിതർക്കുള്ള കോൺഫെഡറേഷൻ കപ്പ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്കാണ് താമരക്കുളം തെക്കേമുറി ഉണ്ടാന്റയ്യത്ത് വീട്ടിൽ ബഷീറിന്റെ മകൻ ബി.ബാഷയ്ക്ക് (30) സെലക്ഷൻ കിട്ടിയത്. കഴിഞ്ഞ മാസം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ക്യാമ്പിലെ പ്രകടനമാണ് ഓട്ടോറിക്ഷ ഡ്രൈവറായ ബാഷയ്ക്ക് ദേശീയ ടീമിലിടം നേടിക്കൊടുത്തത്.

മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ ചെലവ് സ്വയം വഹിക്കണമെന്നതാണ് ബാഷയ്ക്ക് തിരിച്ചടിയായത്. യാത്ര,താമസം എന്നിവയ്ക്കായി 85000ത്തോളം രൂപ ചെലവ് വരും. ഓട്ടോറിക്ഷയോടിച്ച് ഉപജീവനം നടത്തുന്ന ബാഷയ്ക്ക് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയില്ല. ആഗ്രഹിച്ചെത്തിയ അവസരം പണത്തിൽ തട്ടി തെറിക്കുമോ എന്ന ആശങ്കയിലാണ് ബാഷ ഇപ്പോൾ. സുമനസുകൾ സഹായിച്ചെങ്കിലേ കെനിയയിലെ മൈതാനത്ത് ബാഷയ്ക്ക് പന്തു തട്ടാനാകൂ.ജന്മനാ വലതുകാലിന് സ്വാധീനക്കുറവുള്ള ബാഷ ഓട്ടോറിക്ഷ ഓടിച്ചാണ് ബധിരയായ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പുലർത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ പണം കണ്ടെത്തുന്നതിനായി ബാഷയുടെ പേരിൽ കാനറ ബാങ്ക് ചാരുംമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

നമ്പർ :4662101004939, ഐ.എഫ്.എസ്.സി - CNRDOOO462, ഫോൺ 9061727291.