pkl

# മൂന്ന് കോൺഗ്രസ് അംഗങ്ങൾക്ക് സസ്പെൻഷൻ

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് കമ്മിറ്റിയോഗം ബഹ്ഷ്കരിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിപക്ഷത്തെ മൂന്ന് കോൺഗ്രസ് അംഗങ്ങളെ പ്രസിഡന്റ് സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ എസ്. രാജേഷ്, അംഗങ്ങളായ എം. രജനി, വിനീഷ് കുമാർ എന്നിവരെ പഞ്ചായത്തീ രാജ് ചട്ടം പ്രകാരം പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതോടെ ഇരു വിഭാഗവും തമ്മിലുള്ള പോര് രൂക്ഷമായി.

അഗതി - ആശ്രയ ഗുണഭോക്താക്കൾക്ക് സൗജന്യ കിറ്റ്, മരുന്ന് എന്നിവ നൽകുക, അപേക്ഷിച്ചവർക്ക് തൊഴിലുറപ്പ് തൊഴിൽ കാർഡ് നൽകുക, വനിതാ മതിലിൽ പങ്കെടുക്കാത്ത കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ അഫിലിയേഷൻ റദ്ദ് ചെയ്തത് പുന:സ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മൂവരും ചേർന്ന് പ്രസിഡന്റിന് രേഖാമൂലം നോട്ടീസ് നൽകിയ ശേഷം കമ്മിറ്റി ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ മിനിറ്റ്സ് എഴുതാറില്ലെന്നും അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും മിനിറ്റ്സ് പകർപ്പ് നൽകാറില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

പാണാവള്ളി പഞ്ചായത്ത് കമ്മിറ്റിയിൽ മോശമായി പെരുമാറുകയും സമാധാനപരമായി കമ്മിറ്റി കൂടാൻ തടസമുണ്ടാക്കുകയും ചെയ്തതിനാണ് പുറത്താക്കിയതെന്ന് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ പറഞ്ഞു.