അരൂർ: ജില്ലയുടെ വടക്കേ കവാടമായ അരൂരിൽ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ
അപകടങ്ങൾ വർദ്ധിക്കുന്നു. ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളായ ബൈപ്പാസ് ജംഗ്ഷൻ , അരൂർ ക്ഷേത്രം എന്നിവിടങ്ങളിലെ ലൈറ്റുകളാണ് തെളിയാത്തത്. ഇതോടെ റോഡ് ഇരുട്ടിലായി. തിരക്കേറിയ ജംഗ്ഷനുകളിൽ വെളിച്ചം ഇല്ലാത്തതിനാൽ അപകടവും തുടർക്കഥയാണ്.
ഹൈമാസ്റ്റ് ലൈറ്റുകളുടെ സംരക്ഷണവും അറ്റകുറ്റപ്പണിയും നടത്തേണ്ടത് അരൂർ ഗ്രാമ പഞ്ചായത്താണ്. തെളിയാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും വിളക്കുകൾ പ്രവർത്തനക്ഷമമാക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമുയരുകയാണ്.
12 ലക്ഷം രൂപ വിനിയോഗിച്ച് അരൂർ ബൈപാസ് ജം ഗ്ഷനിൽ സ്ഥാപിച്ച 30 അടി ഉയരം വരുന്ന ഹൈമാസ്റ്റ് ലൈറ്റാണ് ഒരു വർഷം തികയുന്നതിന് മുമ്പേ തകരാറിലായത്. എറണാകുളം ജില്ലയിൻ നിന്ന് വാഹനങ്ങൾ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കുന്നത് ബൈപ്പാസ് ജംഗ്ഷനിലൂടെയാണ്. സംസ്ഥാന പാതയും ദേശീയ പാതയും സംഗമിക്കുന്നതും ഈ ജംഗ്ഷനിൽ തന്നെ. പ്രവേശന കവാടമായ കവലയിൽ വെളിച്ചമില്ലാതായതോടെ ഇതര സംസ്ഥാന വാഹനങ്ങളിൽ നിന്നടക്കം വരുന്ന വാഹനങ്ങൾ ദിശതെറ്റി സഞ്ചരിക്കുന്നത് നിത്യസംഭവമാണ്.
തൊട്ടടുത്ത ജംഗ്ഷനായ അരൂർ ക്ഷേത്രം കവലയിലും ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ല. മീഡിയനുകളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയാറില്ല. ഇതുകാരണം കാൽനടയാത്രക്കാർ രാത്രികാലങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു.
ഹൈമാസ്റ്റ് ഉൾപ്പടെയുള്ള വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി തനത് ഫണ്ടിൽ തുക വകയിരുത്തിയിട്ടുണ്ട്. തെളിയാതെ കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ. അടിയന്തര നടപടി സ്വീകരിക്കും
ബി. രത്നമ്മ, പ്രസിഡന്റ്, അരൂർ ഗ്രാമപഞ്ചായത്ത്