photo

ആലപ്പുഴ: കുട്ടികൾ പ്രധാനമന്ത്രിയും സ്പീക്കറും കേന്ദ്രമന്ത്രിമാരുമായപ്പോൾ ബാലപാർലമെൻറ് ഈടുറ്റ ചർച്ചകളുടെ വേദിയായി.

ആലപ്പുഴ കർമ്മ സദനിൽ കുടുംബശ്രീയാണ് കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചത്.രണ്ട് ദിവസമായി നടന്ന ബാലപാർലമെന്റിൽ ഇന്ത്യൻ ഭരണഘടനയുടെ ആധികാരികതയെപ്പറ്റി ചർച്ച ചെയ്തു.

അലീന സന്തോഷ് പ്രധാനമന്ത്രിയായി. സ്പീക്കറായി ആർഷ ബി അനിലും ഡെപ്യൂട്ടി സ്പീക്കറായി എസ്.വൈശാഖും പ്രസിഡന്റായി ഹിനേശും തിരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ തന്നെ തയ്യാറാക്കിയ ചോദ്യോത്തരങ്ങളാണ് സഭയിൽ ചർച്ച ചെയ്തത്.ആനുകാലിക പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ വിവിധ വകുപ്പ് മന്ത്രിമാരായി ചുമതലവഹിച്ച കുട്ടികൾ സഭയിൽ ഉന്നയിച്ചു.

ഉജ്വൽ പ്രതിപക്ഷ നേതാവായപ്പോൾ വരഭ വേണുഗോപാൽ വിദ്യാഭ്യാസ മന്ത്രിയും കെ.അശ്വതി കൃഷിമന്ത്രിയും അമൃത ആരോഗ്യ മന്ത്രിയും എ.അശ്വതി പൊതുമരാമത്ത് മന്ത്രിയും അക്ഷയ് അർജുൻ കലാകായിക മന്ത്രിയുമായി ചർച്ചയിൽ പങ്കെടുത്തു.രണ്ടാം ദിനം ഉച്ചയോടെ ജില്ലാ കളക്ടർ എസ്.സുഹാസ് ബാലസഭ കാണാനായി കർമ്മ സദനിലെത്തി.കുടുംബശ്രീ എ.ഡി.എം.സി കെ.ബി.അജയകുമാർ,രേഷ്മ രവി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ബാലസഭ സംസ്ഥാന ഫാക്കൽറ്റി എസ്.ജിതേന്ദ്രൻ,ബി.ബിജു,ഷെമില സാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു