ചേർത്തല : വയറു വേദനയ്ക്ക് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ്, ഡോക്ടർ നിർദ്ദേശിച്ച മരുന്ന് കഴിച്ചതിനെത്തുടർന്ന് ശരീരമാസകലം വ്രണങ്ങളുണ്ടായി ഗുരുതരാവസ്ഥയിലായി. വയലാർ കൂണ്ടത്തികടവ് ബിജു(40)ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് താലൂക്ക് ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ബിജു.
ബിജുവിന് നൽകിയ മരുന്നിന്റെ പാർശ്വഫലമായാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടങ്ങിയതായും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അനിൽകുമാർ പറഞ്ഞു.
മരുന്നിന്റെ പാർശ്വഫലത്തെ തുടർന്ന് ബിജുവിന്റെ ദേഹം മുഴുവൻ വ്രണങ്ങളുണ്ടായതിനെത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വയറുവേദനയെ തുടർന്ന് മേയ് ഒന്നിന് വൈകിട്ടാണ് ബിജു താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നിർദ്ദേശിച്ച മരുന്ന് വാങ്ങി കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങി.
കാഴ്ചക്കുറവുണ്ടാവുകയും ശരീരത്തിലും വായിലും വ്രണങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ 3ന് വീണ്ടും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ബിജുവിനെ ദന്ത,നേത്ര വിഭാഗം ഡോക്ടർമാരും പരിശോധിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിന്റെ പാർശ്വഫലങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതായി ബിജുവിന്റെ ഭാര്യ പറഞ്ഞു.
ബിജുവിന്റെ ശരീരമാസകലം വ്രണങ്ങൾ പൊട്ടി തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ്. ഭക്ഷണം ദ്റാവക രൂപത്തിലാണ് നൽകുന്നത്. വൃക്കകളെയും കാഴ്ചശക്തിയെയും ബാധിച്ചേക്കാമെന്നാണ് ഡോക്ടർ പറയുന്നത്. .സംഭവം സംബന്ധിച്ചു മന്ത്റി പി. തിലോത്തമനും ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നൽകി.