tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ എൻ.സി.സി കവല -റെയിൽവേ സ്റ്റേഷൻ റോഡ് നാട്ടുകാരുടെയും യാത്രക്കാരുടെയും നടുവൊടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.

ദിനംപ്രതി നൂറുകണക്കിന് കാൽനട യാത്രികരും വാഹനങ്ങളും സഞ്ചരിക്കുന്ന അരൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഒരു പാതയാണിത്. അര നൂറ്റാണ്ടു മുൻപ് എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിലാണ് റോഡ് നിർമ്മിച്ചത്. റീടാറിംഗ് നടന്നിട്ട് 5 വർഷം കഴിഞ്ഞു. അരൂർ,എരമല്ലൂർ, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, തൈക്കാട്ടുശേരി, പൂച്ചാക്കൽ, പൊന്നാംവെളി പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് ദേശീയ പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാനുള്ള പ്രധാന പാതയാണിത്. തുറവൂർ ജുമാ മസ്ജിദ്, മരിയപുരം ചർച്ച് എന്നിവിടങ്ങളിലേക്ക് പോകുന്ന വിശ്വാസികളും സമീപത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലേക്കുള്ള കണ്ടെയ്നർ ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളും ഈ റോഡ് തകരാൻ കാരണമായി.

# കൂനിൻമേൽ കുരു

കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ സ്വകാര്യ കമ്പനി ഉടമ മുൻകൈ എടുത്ത് സൗജന്യമായി പാറമടയിൽ നിന്നുള്ള കല്ലുകളും മണലും വിരിച്ചെങ്കിലും കൂർത്ത കല്ലുകളിലൂടെയുള്ള യാത്ര വാഹനങ്ങളുടെ ടയർ കീറാൻ കാരണമായി. കാൽനട യാത്രയും ബുദ്ധിമുട്ടിലാക്കി. പാറക്കഷ്ണങ്ങൾ വിരിച്ചെന്ന പേരിൽ പഞ്ചായത്ത് അധികൃതർ റോഡിന്റെ അറ്റകുറ്റപ്പണിയിൽ നിന്നൊഴിഞ്ഞു. വെളുക്കാൻ തേച്ചത് പാണ്ടായി മാറിയ അവസ്ഥ!