a

മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്ര വികസനത്തിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെട്ടികുളങ്ങരയുൾപ്പടെയുള്ള മഹാക്ഷേത്രങ്ങളിൽ അവിടുത്തെ ആവശ്യങ്ങൾക്ക് അനുസൃതമായ തരത്തിലുള്ള വികസരേഖ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് ബോർഡിന്റെ തീരുമാനമെന്ന് പ്രസിഡന്റ് പറഞ്ഞു.

ക്ഷേത്രത്തിന് അവകാശപ്പെട്ട വസ്തുവിന്റെ പ്ലാൻ എടുത്തശേഷം ജൂൺ 7ന് വിപുലമായ യോഗം ചേരും. സ്‌കെച്ച് എടുക്കുന്നതിന് എ.ഒയെ ചുമതലപ്പെടുത്തി. ജൂലായ് അവസാന വാരത്തോടെ നിർമ്മാണം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്കയങ്കിക്കായുള്ള നടപടികൾ എല്ലാം പൂർത്തിയായിരിക്കുകയാണ്.

ഒതളപ്പുഴ തോട്ടിലേക്ക് തിടപ്പള്ളിയിൽ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉയർത്തുന്നതിനാൽ ശാശ്വതപരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രസിഡന്റിന് നിവേദനം നൽകി. ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് ഇതിന് പരിഹാരം കാണുമെന്ന് പ്രസിഡന്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പുനൽകി. ക്ഷേത്രത്തിലേക്കുള്ള നാല് പാതകളിലും ഉടൻ തന്നെ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.

യോഗത്തിൽ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ എ.ബൈജു, എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.കേശവദാസ്, അസിസ്റ്റന്റ് കമ്മിഷണർ പി.ദിലീപ് കുമാർ, ഇലക്ട്രിക്കൽ എൻജിനിയർ അഞ്ജനാ ബാലൻ, അസി. എൻജിനിയർ ഹരികൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.രവീന്ദ്രൻനായർ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ്‌കുമാർ, ശ്രീദേവിവാലാസം ഹിന്ദുമത കൺവെൻഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.