photo

# രാഷ്ട്രീയം കലർന്ന് കൂറ്റുവേലി-പള്ളിക്കവല റോഡ്

ചേർത്തല: കേന്ദ്ര പദ്ധതിയിൽപ്പെട്ട റോഡിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ രാഷ്ട്രീയം കലർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ കണ്ണർകാട് ഷാപ്പ്- വനസ്വർഗം റോഡിന്റെ ഭാഗമായ കൂറ്റുവേലി-പള്ളിക്കവല റോഡിന്റെ നിർമ്മാണമാണ് ഒരു വർഷമായി മുടങ്ങിക്കിടക്കുന്നത്.

2018 മാർച്ച് 13നാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. നിലവിൽ 3 മീറ്റർ വീതിയുള്ള റോഡ് മുഴുവനായി പൊളിച്ച് ഇരുവശങ്ങളിലും അരമീറ്റർ വീതം വീതി കൂട്ടിയാണ് പുനർനിർമ്മിക്കുന്നത്. രണ്ട് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ അടങ്കൽ തുക 1.34 കോടിയാണ്. പ്രധാന മന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ (പി.എം.ജി.എസ്.വൈ) ഉൾപ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക അനുവദിച്ചത്. സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ് പദ്ധതി നടത്തിപ്പിനുള്ള ചുമതല. ചേർത്തല തൈക്കാട്ടുശേരി സ്വദേശിയാണ് കരാറുകാരൻ. നിർമ്മാണ ജോലികൾ ആരംഭിച്ചത് എം.പിയായിരുന്ന കെ.സി.വേണുഗോപാലിനെ അറിയിക്കാതെയായിരുന്നു. റോഡിന്റെ ആദ്യഘട്ടം മെറ്റലിംഗ് ജോലികൾ പൂർത്തിയായ ശേഷം 2018 ഡിസംബർ 4ന് എം.പിയെത്തി വീണ്ടും നിർമ്മാണ ഉദ്ഘാടനം നടത്തി. കേന്ദ്ര പദ്ധതിയിൽ ആരംഭിച്ച ജോലികളായതിനാൽ തിരഞ്ഞെടുപ്പ് വന്നിട്ടും നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികളൊന്നും എത്തിയില്ല.

രണ്ടാം ഘട്ട മെറ്റലിംഗ് നടത്തിയ റോഡിന്റെ വിവിധ ഭാഗങ്ങളിലായി അര കിലോമീറ്ററിൽ മാത്രമാണ് മെറ്റലിളകാത്തത്. ബാക്കിയെല്ലായിടത്തും മെറ്റൽ ചിതറിത്തെറിച്ച് കാൽനടയാത്ര പോലും അസാദ്ധ്യമായ അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരാവട്ടെ, പൊടി തിന്ന് കുഴയുകയാണ്. വസ്ത്രങ്ങൾ കഴുകി ഉണക്കാനിട്ടാൽ പോലും പൊടിയിൽ നിറയുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി സഹിക്കവയ്യ.

കൂറ്റുവേലി ഡി.വി.എച്ച്.എസ് ചാരമംഗലം സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച് പള്ളിക്കവലയിലാണ് റോഡ് അവസാനിക്കുന്നത്.

 മാലിന്യ നിക്ഷേപ കേന്ദ്രം

കൂറ്റുവേലി-പള്ളിക്കവല റോഡിൽ പള്ളിക്കവലയ്ക്ക് തെക്ക് ഭാഗം കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയത് പ്രദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഈ ഭാഗത്ത് എത്തുമ്പോൾ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. വിജനമായ ഇവിടെ രാത്രികാലങ്ങളിലാണ് ശുചിമുറി മാലിന്യം തള്ളുന്നത്. നിരവധി തവണ മാരാരിക്കുളം പൊലീസിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

....................................

'വിവിധ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് റോഡ് ടാറിംഗ് നടത്തുന്നത്. ഉദ്യോഗസ്ഥ സംഘം റോഡിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ലാബിൽ പരിശോധിച്ചപ്പോൾ അപാകതകൾ കണ്ടെത്തിയിരുന്നു. ഇതാണ് നിർമ്മാണ ജോലികൾ നീണ്ടുപോയതിന് കാരണം. ഈ പോരായ്മ പരിഹരിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. അപാകതകൾ നീക്കിയതായി പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. റോഡിന്റെ അവസാനഘട്ട ജോലികൾ ഈ മാസം തന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് വിശ്വാസം'

(ജി.എസ്.അജിത് കുമാർ, എക്സിക്യുട്ടീവ് എൻജിനിയർ)