a

മാവേലിക്കര: കല്ലുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ധ്യാപികയെ പമ്പയാറ്റിൽ പന്നായി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ തഴക്കര വഴുവാടി പൊതുശേരിൽ സുജിത്തിന്റെ ഭാര്യയും തകഴി ഗവ. യു.പി.എസ് അദ്ധ്യാപികയുമായ രജിതയുടെ മൃതദേഹമാണ് (39) ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

നടുവ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിത, നാലുമാസം പ്രായമുള്ള മകൾക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ആശുപത്രി ജീവനക്കാരെ അറിയിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്കു പോവുകയായിരുന്നു. ആശുപത്രിയിലെ ഉച്ചഭക്ഷണ സമയം കഴിഞ്ഞിട്ടും രജിത മടങ്ങിയെത്തിയില്ല. ആശുപത്രി അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഭർത്താവിനെ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മാന്നാർ പന്നായി ഭാഗത്ത് രജിതയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചവറ കൊറ്റംകുളങ്ങര പ്ലാവിളയിൽ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്പതികളുടെ മകളാണ്. ദേവനന്ദയാണ് മകൾ. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ.