charum

#

ചാരുംമൂട്: ചുനക്കര വെട്ടിക്കോട്ട് ചാലിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മാണം നടക്കുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു.
കായംകുളം- പുനലൂർ റോഡിൽ വെട്ടിക്കോട് ക്ഷേത്രത്തിനു സമീപമാണ് ചാൽ. ദീർഘനാളത്തെ ആവശ്യത്തെ തുടർന്ന് ആർ.രാജേഷ് എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ ചാലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജില്ല - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയുള്ളതാണ് പദ്ധതി. ടൂറിസം വകുപ്പ് ഒരു കോടിയും ത്രിതല പഞ്ചായത്തുകൾ 40 ലക്ഷവും ചെലവഴിക്കും. ഒന്നാം ഘട്ടമായി ചിറയിലെ ചെളിനീക്കം ചെയ്ത് ചുറ്റുപാടും സംരക്ഷണഭിത്തി കെട്ടാൻ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായ 40 ലക്ഷമാണ് ചെലവഴിക്കുന്നത്. മാസങ്ങളായി ഈ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ചാലിന്റെ ആഴം കൂട്ടുന്നതിനായി ചിറയ്ക്കുള്ളിലെ ചെളി ഹിറ്റാച്ചി ഉപയോഗിച്ചാണ് കരയ്ക്കടുപ്പിക്കുന്നത്.
പാറ ഉപയോഗിച്ച് ചിറയ്ക്ക് ചുറ്റിനുമുള്ള സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തിയായി വരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ചിറയുടെ കിഴക്ക്, വടക്കു മാറി ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നത്. ഭിത്തി തകർന്നതോടെ, ഇടിഞ്ഞ ഭാഗത്തെ പാറകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. നിർമ്മാണത്തിലെ അപാകതയാണ് ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

.............................................

'ഭിത്തി കെട്ടുന്നതിനൊപ്പം ചെളി നീക്കിയിരുന്നു. ഭിത്തിയോടു ചേർന്നുള്ള ചെളി നീക്കിയതും, ഭിത്തിയുടെ പിൻഭാഗത്ത് അമിതമായി ചെളി കൂട്ടിയിട്ടതുമാണ് ഇടിയാൻ കാരണം'

(പഞ്ചായത്ത് അധികൃതർ)