ആലപ്പുഴ: എക്‌സൈസ് നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ന്യൂജെൻ ലഹരി വസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കാസർകോട് നീലേശ്വരം പള്ളിക്കര കണിയാംവയൽ ഗ്രേസ് വീട്ടിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിൻ മാത്യു (ബിബി-27), കാസർകോട് ഹോസ്ദുർഗ് അജാനൂർ വില്ലേജിൽ കാഞ്ഞങ്ങാട് ഹാദിൽ മൻസിലിൽ മുഹമ്മദ് ഹാലിദ് (24) എന്നിവരാണ് കുടുങ്ങിയത്. ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുഹമ്മദ് ഹാലിദിനെ റിമാൻഡ് ചെയ്തു. ബിബിൻ മാത്യുവിന് ജാമ്യം ലഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 9ന് ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് ബിബിൻ മാത്യുവിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് അര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും ടപ്പെന്റഡോൾ ലഹരി ഗുളികകളും പിടികൂടി. നാല് വർഷത്തോളമായി എം.ഡി.എം.എ താൻ ഉപയോഗിക്കുന്നുണ്ടെന്ന് ഇയാൾ വ്യക്തമാക്കി. സ്വന്തം ഉപയോഗത്തിനായി കൈവശം സൂക്ഷിച്ചതാണ് പിടികൂടിയ ലഹരിവസ്തുക്കൾ. കോട്ടയത്തുള്ള ബന്ധുക്കളെ കാണുന്നതിനുള്ള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഇറങ്ങിയപ്പോഴാണ് കുടുങ്ങിയത്. പൗഡർ രൂപത്തിലുള്ള മയക്കുമരുന്ന്, പുക വലിക്കുന്നതിനുള്ള 10 രൂപ, 20 രൂപ എന്നിവ കൊണ്ടുണ്ടാക്കിയ കറൻസി റോളുകൾ എന്നിവയും പിടിച്ചെടുത്തു.
ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ 50,000 രൂപ വരുന്ന ഏഴ് ഗ്രാം എം.ഡി.എം.എയും 25 ഗ്രാം കഞ്ചാവുമായി കാസർകോട് സ്വദേശിയായ മുഹമ്മദ് ഹാദിലിനെ പിടികൂടിയത്. ആലപ്പുഴയിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണിത്. ട്രെയിനിലും ബസിലുമായി മാറിമാറി സഞ്ചരിച്ച് അർദ്ധരാത്രിക്ക് ശേഷം വിൽപ്പന സ്ഥലത്ത് എത്തിക്കുന്നതാണ് പതിവ്. മംഗലാപുരത്തുനിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. ആലപ്പുഴയിൽ ആദ്യമായാണ് വലിയ അളവിൽ എം.ഡി.എം.എ പിടികൂടുന്നത്. നേരത്തെ ചെറിയ അളവിൽ രണ്ട് തവണ ആലപ്പുഴയിലും ഒരു തവണ കായംകുളത്തും ഈ ലഹരി വസ്തു പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ആലപ്പുഴ അസി. എക്‌സൈസ് കമ്മിഷണർ കെ.കെ.അനിൽകുമാർ അറിയിച്ചു.
ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർമാരായ എ.കുഞ്ഞുമോൻ,ജി.അലക്‌സാണ്ടർ, വി.ജെ.ടോമിച്ചൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. അനിലാൽ, വി.അരുൺ, കെ.ജി.ഓംകാരനാഥ്, ടി. ജിയേഷ്, എസ്.ശ്രീജിത്ത്, എൻ.പി.അരുൺ, വി.എ.അഭിലാഷ്, സനൽ സിബിരാജ്, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.
# മാരക ലഹരി
മാരക ലഹരി വസ്തുവാണ് മെഥിലീൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിൻ (എം.ഡി.എം.എ). ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണിത്. നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കും. ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും രണ്ട് ദിവസത്തോളം ഉന്മാദ അവസ്ഥയിലാകും. അളവ് അൽപ്പം കൂടിയാൽ മരണ കാരണമാകാം. എം.ഡി.എം.എ കൈവശം വയ്ക്കുന്നത് 10 മുതൽ 20 വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 5,000 മുതലാണ് വില.