കായംകുളം: മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയുടെ കായംകുളത്തെ വാടകവീട് കുത്തിത്തുറന്ന് അര കിലോ സ്വർണ്ണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയും കവർന്നതായി ഇയാൾ പൊലീസിൽ നൽകിയ പരാതി കളവാണെന്ന് തെളിഞ്ഞു. സ്വർണ്ണക്കട ഉടമകൾ നൽകിയ സ്വർണ്ണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ചേരാവള്ളി ഇല്ലത്തു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന വ്യാപാരി സന്തോഷ് പവാറാണ് (39) പൊലീസിനെ കബളിപ്പിക്കാൻ നോക്കി കുടുങ്ങിയത്. കഴിഞ്ഞ നാലിന് വീട്ടിൽ കവർച്ച നടന്നതായി കായംകുളം പൊലീസിലാണ് പരാതി നൽകിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയതോടെയാണ് കള്ളി പൊളിഞ്ഞത്. നാലിന് രാത്രി താനും കുടുബവും തൃശൂരും ചേർത്തലയിലുമുള്ള ബന്ധുവീടുകളിൽ പോയി അടുത്ത ദിവസം രാവിലെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻ വശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടെന്നും മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് അലമാര തുറന്നു കവർച്ച നടത്തിയ മോഷ്ടാവ് പിൻവാതിൽ വഴി രക്ഷപ്പെട്ടെന്നും ഇയാൾ പരാതിയിൽ പറഞ്ഞിരുന്നു. 8 ഗ്രാമിന്റെ 2 വളകൾ, 50 ഗ്രാമിന്റെ നെക്ലസ്, 25 കുട്ടിവളകൾ, കൈ ചെയിനുകൾ, മോതിരം, കമ്മൽ, ലോക്കറ്റ്, 14 ഗ്രാം ബോംബെ ചെയിൻ, താലി, കൊളുത്ത് എന്നിവയും പണവും നഷ്ടമായെന്ന് 'വിശദ'മായി വിവരിക്കുകയും ചെയ്തു.
എന്നാൽ 160 ഗ്രാം സ്വർണ്ണം സുരക്ഷിതമായി ഒരിടത്ത് ഏൽപ്പിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതെന്നു അന്വേഷണത്തിൽ കണ്ടെത്തി. കുറ്റം ഏറ്റുപറഞ്ഞ് പരാതി പിൻവലിച്ചതോടെ ഇയാളെ വിട്ടയച്ചെങ്കിലും കോടതിയുടെ നിർദ്ദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമൊന്ന് പൊലീസ് പറഞ്ഞു. കായംകുളം സി.ഐ പി.കെ. സാബു, എസ്.ഐ പി.എസ്. ഷാരോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അനധികൃത വ്യാപാരി
കായംകുളം: അനധികൃത സ്വർണ്ണവ്യാപാരമാണ് സന്തോഷ് പവാർ കായംകുളത്ത് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കായംകുളത്തെ പത്തോളം സ്വർണ്ണാഭരണ ശാലകളുമായിട്ടായിരുന്നു ഇടപാടുകൾ. സ്വർണ്ണക്കടക്കാർ ഇയാൾക്ക് 100 ഗ്രാം തങ്കം നൽകുമ്പോൾ തൃശൂരിൽ നിന്നു വരുത്തിയ 105 ഗ്രാം സ്വർണ്ണാഭരണങ്ങൾ പകരം നൽകും. അക്ഷയ തൃതീയ ലക്ഷ്യമിട്ട് വ്യാപാരികൾ ഒരു കിലോയോളം തങ്കമാണ് ഇായാൾക്ക് നൽകിയിരുന്നത്. ഇത് തിരിച്ച് നൽകേണ്ട ശനിയാഴ്ചയാണ് കവർച്ച നടന്നതായി ഇയാൾ പൊലീസിൽ പരാതി നൽകിയത്. അനധികൃത കച്ചവടമായതിനാൽ സ്വർണ്ണക്കടക്കാർ പരാതിയുമായി എത്തില്ലെന്ന് ഇയാൾക്ക് ഉറപ്പായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കുടുംബ സമേതം കായംകുളത്തുണ്ട്. അടുത്തിടെ 22 ലക്ഷം രൂപ ചിലവാക്കി വീടും വസ്തുവും വാങ്ങിയിരുന്നു.