a
പണവും രേഖകളും സൂക്ഷിച്ചിരുന്ന അലമാരയ്ക്കരികിൽ ലീലയും മരുമകൾ ശാരിയും

മാവേലിക്കര: പ്രളയ ദുരന്തത്തിൽപെട്ട കുടുംബത്തിന്റെ താത്കാലിക വീട് കത്തി നശിച്ചത് മറ്റൊരു ദുരന്തമായി. ചെട്ടികുളങ്ങര മറ്റം തെക്ക് മങ്ങാട്ട് കോളനിയിൽ മഞ്ഞിപ്പുഴ ചിറയിൽ കൃഷ്ണന്റെയും ലീലയുടെയും വീടാണ് കത്തിനശിച്ചത്. മരുമകൾ ശാരിക്ക് പൊള്ളലേറ്റു. പുതിയ വീടിന്റെ നിർമ്മാണത്തിനായി ലോണെടുത്ത് സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും രണ്ടു ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും വസ്തുവിന്റെ പ്രമാണവും മറ്റു രേഖകളും വസ്ത്രങ്ങളും കത്തി നശിച്ചവയിൽപ്പെടുന്നു.

ഇന്നലെ രാവിലെ എട്ടുമണിയോടെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. സർക്കാർ അനുവദിച്ച ഫണ്ടുപയോഗിച്ച് ഫൗണ്ടേഷൻ പൂർത്തിയാക്കിയ വീടിനു സമീപമാണ് അന്തിയുറങ്ങാൻ കുടുംബം താത്കാലിക കൂര നിർമ്മിച്ചത്. പുതിയ വീടിന്റെ കട്ടിള വെയ്പ് ചടങ്ങ് അടുത്തദിവസം നടക്കാനിരിക്കെയാണ് തീപിടിത്തം. ശാരി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

വീടിനു പുറത്ത് കൂട്ടിയ അടുപ്പിൽ നിന്നു ചിതറിയ തീയാണ് അപകട കാരണമായത്. തിങ്കളാഴ്ചയാണ് ഏജൻസിയിൽ നിന്നു ഈ സിലിണ്ടർ കൊണ്ടുവന്നത്. സിലിണ്ടറും റെഗുലേറ്ററും രണ്ട് കമ്പനികളുടേതായിരുന്നു. റെഗുലേറ്ററിലെ തകരാർ ദുരന്തത്തിനു വഴിയൊരുക്കിയെന്നാണ് പ്രാഥമിക നിഗമനം.