ചേർത്തല: ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരും പത്തനംതിട്ട സ്വദേശികളുമായ നാലു പേർക്ക് പരിക്ക്. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു.
മാരാരിക്കുളത്ത് നിന്നു പഴനിലേക്കു പോയ ബസും വടക്ക് നിന്നു പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെ തങ്കിക്കവല ബിഷപ്പ് മൂർ സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. മുന്നിലകപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനായി ടൂറിസ്റ്റ് ബസ് വലത്തോട്ട് തിരിച്ചപ്പോൾ ഡിവൈഡറും കടന്ന് എതിർ ദിശയിലെ റോഡിലേക്കു കയറി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. പരിക്കേറ്റവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ചേർത്തലയിൽ നിന്നുള്ള അഗ്നിശമനസേനയും പട്ടണക്കാട് പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.