# തൊഴിലാളികൾ മറ്റു ജോലികളിലേക്ക്
ആലപ്പുഴ: കക്ക ലഭ്യത കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതം അവതാളത്തിലായി.
ആലപ്പുഴയിലും കോട്ടയത്തുമാണ് കക്ക വാരൽ സജീവമായിരുന്നത്. ഇവിടെ നിന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കക്ക കൊണ്ടുപോയിരുന്നതും.
തമിഴ്നാട്ടിൽ വ്യാവസായിക ഉപയോഗത്തിനും കൃഷിക്കും വൻതോതിൽ കക്ക ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കക്കലഭ്യത പേരിന് മാത്രമേയുള്ളൂവെന്നാണ് തൊഴിലാളികളുടെ പരാതി. വെള്ള കക്ക, കറുത്ത കക്ക എന്നിങ്ങനെ രണ്ടുതരം കക്കകളാണ് ഉള്ളത്. ഇതിൽ വെള്ള കക്കയുടെ ലഭ്യതക്കുറവ് തുടങ്ങിയിട്ട് വർഷങ്ങളായി. അടിത്തട്ടിൽ നിന്നാണ് വെള്ളക്കക്ക വാരുന്നത്. ഇതിന് ജീവനില്ല. കറുത്ത കക്ക അടിഞ്ഞാണ് വെള്ളക്കക്ക ഉണ്ടാകുന്നത്. കുമ്മായത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വെള്ളക്കക്കയാണ്.
ജലമലിനീകരണമാണ് കക്കയുടെ ലഭ്യത കുറയാൻ പ്രധാന കാരണം. എട്ട് മണിക്കൂറിലധികം കായലിൽ പണിയെടുത്താൽ ഏഴ്, എട്ട് പാട്ട കക്ക മാത്രമാണ് ലഭിക്കുന്നത്. ഒരു പാട്ട കക്ക 20 കിലോയോളം വരും. കക്കയിറച്ചിയ്ക്ക് മാർക്കറ്റിൽ ഇപ്പോൾ കിലോയ്ക്ക് 100 രൂപയോളമുണ്ട്. ജില്ലയിൽ കക്ക വാരുന്നവരുടെ ക്ഷേമത്തിനായി 7 സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുഹമ്മ, കുമരകം, തൈക്കാട്ടുശേരി, വൈക്കം, പൂച്ചാക്കൽ, കുട്ടനാട്,ആര്യാട് എന്നിവിടങ്ങളിലാണ് സംഘങ്ങളുള്ളത്. മുഹമ്മയിലെ സംഘത്തിൽ 1200 തൊഴിലാളികൾ ഉണ്ടായിരുന്നു. കക്ക മേഖലയിലെ പ്രതിസന്ധികാരണം 60 പേരാണ് ഈ സംഘത്തിൽ നിലവിലുള്ളത്.
............................................
# അവഗണിക്കുന്നു മുന്നറിയിപ്പ്
തണ്ണീർമുക്കം ബണ്ട് തുറന്നിട്ടിരിക്കുന്നതിനാൽ പൊടി കക്ക ധാരാളമുണ്ട്. ഇൗ കക്ക വാരുന്നത് കക്ക ഉത്പാദനത്തിന് ദോഷമായി മാറുമെന്ന് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വലിയ കക്കയ്ക്കാണ് വിലയും ഡിമാന്റും കൂടുതൽ. എന്നാൽ തൊഴിലാളികളിൽ പലരും ഇത് അനുസരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
# വില്ലനായി റോക്ക് കോസ്റ്റ്
ജില്ലയിൽ കുമ്മായത്തിന് പകരം റോക്ക് കോസ്റ്റിന്റെ (കരിങ്കൽപ്പൊടി) ഉപയോഗം വർദ്ധിച്ചതും കക്ക വാരൽ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. കൃഷി ആവശ്യങ്ങൾക്കും മറ്റും കുമ്മായത്തിന് പകരം ലൈംസ്റ്റോൺ എന്ന പേരിലാണ് റോക്ക് കോസ്റ്റ് ഉപയോഗിക്കുന്നത്. ഇതു മൂലം ജില്ലയിൽ കക്കാതോടിന് ആവശ്യം ഇല്ലാതായി. പാടശേഖരങ്ങളിലാണ് റോക്ക് കോസ്റ്റ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിന്റെ ഗുണ നിലവാരത്തിലും കർഷകർക്ക് ആശങ്കയുണ്ട്. 10 കിലോ കുമ്മായത്തിന് 130 രൂപയാണ്. എന്നാൽ റോക്ക് കോസ്റ്റ് പത്ത് കിലോയ്ക്ക് 50 രൂപ മാത്രമേ വിലയുള്ളൂ. വിലക്കുറവാണ് കർഷകരെ റോക്ക് കോസ്റ്റിലേക്ക് ആകർഷിക്കുന്നത്. രാജസ്ഥാൻ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് റോക്ക് കോസ്റ്റ് എത്തുന്നത്.
.....................................................
'കുമ്മായത്തിന് പകരം റോക്ക് കോസ്റ്റിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ട്. കക്ക വാരൽ മേഖലയിൽ ഇതൊരു പ്രതിസന്ധിയാണ്. കക്ക ലഭ്യത കുറയാൻ പ്രധാന കാരണം മലിനീകരണമാണ്. കക്ക തൊഴിലാളികൾ പലരും ഇൗ മേഖല വിട്ടു'
(വി.പി.ചിദംബരൻ, ജില്ല ഉൾനാടൻ കക്ക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി-എ.ഐ.ടി.യു.സി)