pkl

പൂച്ചാക്കൽ: കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കെതിരെ അരൂക്കുറ്റി കേന്ദ്രമായ 'സ്ത്രീശക്തി'യുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പ്രതിഷേധം. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് അരൂക്കുറ്റി, വടുതല മേഖലയിൽ ലഹരി മാഫിയകൾ സജീവമാകുന്നതിന് തടയിടാൻ വിവിധ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സ്ത്രീശക്തി രംഗത്തെത്തിയിരിക്കുന്നത്.

ലഹരി മാഫിയകൾക്കെതിരെ അധികൃതർ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ കൂട്ടായ്മ വടുതല എ.കെ.ജി വായനശാലയ്ക്കു സമീപം സമരം സംഘടിപ്പിച്ചത്. വടുതല സ്‌കൂളിനടുത്തുള്ള ഒറ്റപ്പെട്ട പാടശേഖരങ്ങളിലും ഇടറോഡുകളിലും ലഹരിവില്പന സംഘം രാപ്പകൽ സജീവമാണ്. നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരും രാഷ്ട്രീയ സ്വാധീനമുള്ളവരുമാണ് ഇതിനു പിന്നിലെന്നും സ്ത്രീശക്തി പ്രവർത്തകർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം അരൂക്കുറ്റിയിലും വടുതലയിലും ലഹരിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ പിടികൂടിയിരുന്നു. എന്നാർ ഇവർക്കെതിരേ ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപണമുണ്ട്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നത് ഇവരൊക്കെത്തന്നെയാണെന്ന് സമരക്കാർ പറയുന്നു. വിദ്യാലയങ്ങൾ തുറക്കുന്നതിനു മുമ്പ് ഇക്കൂട്ടരെ അമർച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ത്രീശക്തി പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.