municipality

കായംകുളം: ഉദ്ഘാടനം നടത്തി​ മാസങ്ങൾ കഴിഞ്ഞിട്ടും കായംകുളം സസ്യ മാർക്കറ്റ് കെട്ടിടം തുറന്ന് കൊടുക്കാത്തതിൽ വ്യാപാരികൾക്ക് ആശങ്ക.

മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ഉദ്ഘാടനം. എന്നാൽ കടകൾ വ്യാപാരികൾക്ക് നൽകുവാൻ ടെൻഡർ നടപടികൾ സ്വീകരിക്കുവാൻ നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഏഴുകോടി രൂപ വായ്പ എടുത്ത് നിർമ്മിച്ച കെട്ടിടത്തിൽ നിന്നും വരുമാനം ലഭിക്കാത്തത് നഗരസഭയെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. മൂന്ന് നിലകളോടുകൂടി​യ കെട്ടിടത്തിൽ 42 മുറികളും ലോഡ്ജിംഗ് സൗകര്യവുമുണ്ട്.
ഇതിന്റെ വാടക, ഡെപ്പോസിറ്റ് തുടങ്ങിയ ഇനങ്ങളിൽ നഗരസഭയ്ക്ക് ലഭിക്കേണ്ടത് ലക്ഷക്കണക്കിന് രൂപയാണ്. ഇത് ലഭിക്കാത്തതാണ് നഗരസഭയുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമത്രെ.

ഗതാഗതവും കുരുങ്ങി​

മത്സ്യ മാർക്കറ്റിലെ രൂക്ഷമായ ഗതാഗതാഗത കുരുക്കി​നും കെട്ടിടം തുറന്ന് കൊടുക്കാത്തത് ഒരു കാരണമാണ്. ഗതാഗതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ റോഡരി​കിലാണ് വ്യാപാരികൾക്ക് താത്കാലിക സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പുതിയ കെട്ടിടം തുറന്നാൽ മാത്രമേ ഇത് പൊളിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകൂ.

പ്രതി​കരണമി​ല്ല

വ്യാപാരി വ്യവസായ ഏകോപന സമിതി ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.

സിനിൽ സബാദ്,

വ്യാപാരി വ്യവസായ ഏകോപന സമിതി

യൂണിറ്റ് പ്രസിഡന്റ്