ambalapuzha-news

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ സി.ടി സിമുലേറ്റർ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.പുഷ്പലത നിർവഹിച്ചു. ഇന്നലെ റേഡിയോളജി വിഭാഗത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ അദ്ധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സയിൽ ട്യൂമറിന്റെ വലിപ്പം, സ്ഥാനം തുടങ്ങിയ നിർണായക വിവരങ്ങൾ നൽകുന്ന ഉപകരണമാണ് സി.ടി സിമുലേറ്റർ. മൂന്നു കോടി ചെലവഴിച്ചാണ് യന്ത്രം സ്ഥാപിച്ചത്. റേഡിയോളജി വിഭാഗം മേധാവി ഡോ.ശിവരാമകൃഷ്ണൻ, ഡോ.സജീവ്, ഡോ.ബിന്ദു, ഡോ. പ്രവീൺ, ഡോ.ഹരി, ഡോ. നോനാം ചെല്ലപ്പൻ, മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. സ്വകാര്യ ആശുപത്രികളിൽ സി.ടി സിമുലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചികിത്സയ്ക്ക് ഉപയോഗിക്കുമ്പോൾ ലക്ഷങ്ങൾ ചെലവു വരുന്ന സ്ഥാനത്ത് മെഡി. ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിക്കും.