ചേർത്തല:തണ്ണീർമുക്കം ബണ്ടിന്റെ പടിഞ്ഞാറെ കരയിലെ മൺചിറയിൽ നിന്ന് കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടെ മൂന്നംഗ സംഘത്തെയും വാഹനവും പൊലീസ് പിടികൂടി.ചേർത്തല മുനിസിപ്പൽ 14-ാംവാർഡ് മുക്കുവൻ പറമ്പ് വെളി പ്രശാന്ത് (29),ചേന്നം പള്ളിപ്പുറം 11-ാം വാർഡിൽ തിരുനല്ലൂർ കരിയിൽ വീട്ടിൽ ചിച്ചുമോൻ (21),വൈക്കം തലയാഴം പഞ്ചായത്ത് നാലാം വാർഡ് ഓണിശേരി വീട്ടിൽ അഖിൽ (30)എന്നിവരെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ പൊലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. ബണ്ടിന് സമീപത്തും കായൽ തീരങ്ങളിലും വ്യാപകമായി കക്കൂസ് മാലിന്യം ഒഴുക്കുന്നു എന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോഴാണ് ഇവരെ പിടികൂടാനായത്.മൺചിറ പൊളിക്കുന്നതിന്റെ മറവിലാണ് മാലിന്യം തള്ളിക്കൊണ്ടിരുന്നത്.ജലസ്രോതസ് മലിനമാക്കുന്നതിനെതിരെയും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.മുഹമ്മ സ്റ്റേഷനിലെ എസ്.ഐ മാരായ അനിയപ്പൻ,ഓമനക്കുട്ടൻ,സിവിൽ പൊലീസ് ഓഫീസർ മാരായ വിഷ്ണു, സുജിത്,അനിൽകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാഡ് ചെയ്തു.