cal

ചാരുംമൂട്: വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി തകർന്നത് ഉന്നത ഉദ്യോഗസ്ഥ സംഘം എത്തി അന്വേഷണം നടത്തി. എൽ.എസ്.ജി.ഡി ജില്ലാ എക്സിക്യൂട്ടി​വ് എൻജിനീയർ എ. ബീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാൽ സന്ദർശിച്ചത്.

ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടായ 40 ലക്ഷം രൂപ ഉപയോഗിച്ച് പാറക്കൊണ്ട് നിർമ്മിച്ചു വന്ന സംരക്ഷണഭിത്തിയാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്.

പരിശോധനയിൽ സംരക്ഷണ ഭിത്തിയുടെ അടിത്തറയോട് ചേർന്നുള്ള ഭാഗത്തു നിന്നുള്ള ചെളിനീക്കിയതാണ് ഭിത്തി തകരാൻ കാരണമായതെന്ന് എക്ലിക്യൂട്ടി​വ് എൻജിനീയർ പറഞ്ഞു.

ചാലിലെ ചെളിയുടെ സാമ്പിളുകൾ സംഘം ശേഖരിച്ചു.പരിശോധയ്ക്കു ശേഷം നിർമ്മാണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പൊളിഞ്ഞ ഭാഗങ്ങൾ പൂർണമായും നീക്കിയ ശേഷം ബലം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളോടെയായിരിക്കും നിർമ്മാണം പുനരാരംഭിക്കുന്നത്. ആവശ്യമായി വന്നാൽ എസ്റ്റിമേറ്റ് തുകയിൽ മാറ്റം വരുത്തുമെന്നും എൻജിനി​യർ പറഞ്ഞു.

സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തീകരിച്ച് ഉറപ്പ് ശാസ്ത്രീയമായി പരിശോധിച്ച ശേഷമായിരിക്കും ടൂറിസം വകുപ്പിന്റെ 99 ലക്ഷം ചെലവഴിച്ചുള്ള നിർമ്മാണമെന്ന് ആർ.രാജേഷ് എം.എൽ.എ പറഞ്ഞു. എക്ലിക്യൂട്ടി​വ് എൻജിനീയറുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണം പുനരാരംഭിക്കുകയെന്നും എം.എൽ.എ പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ചുനക്കര ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ചെയർമാനായും, എക്സിക്യൂട്ടി​വ് എൻജിനീയർ കൺവീനറായും ജില്ലാ പഞ്ചായത്തംഗം കെ.സുമ, ബ്ലോക്ക് പഞ്ചായത്തംഗം,ചുനക്കര ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ അംഗളായുള്ള നിരീക്ഷണസമിതി രൂപീകരിക്കാനും തീരുമാനിച്ചു.