ചേർത്തല: വയലാർ പഞ്ചായത്തിന്റെ ഹൃദയഭാഗമായ നാഗംകുളങ്ങര ജംഗ്ഷനിൽ പഞ്ചായത്ത് വക മാലിന്യ നിക്ഷേപം. 'മാലിന്യം നിക്ഷേപിക്കരുത്' എന്നെഴുതിയ ബോർഡിന് താഴെത്തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയാണ്.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ മാലിന്യ ശേഖരണം നടത്തിയ ശേഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാതെ തീ കൊളുത്തുകയായിരുന്നു. കത്തിപ്പടർന്നപ്പോൾ വെള്ളം ഒഴിച്ച് അണച്ചെങ്കിലും ഉള്ളിൽ നിന്നു പ്ലാസ്റ്റിക്കിന്റെ വിഷപ്പുക ദിവസങ്ങളായി ഉയർന്നു കൊണ്ടിരിക്കുകയാണ്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്റ്റാൻഡിന് സമീപമാണിത്. തൊഴിലാളികൾ ശേഖരിച്ച മാലിന്യത്തിന് പുറമേ സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളിൽ നിന്നു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീറിക്കൊണ്ടിരിക്കുന്നത്. സ്റ്റാൻഡിലെ ഡ്രൈവർമാരും പ്രദേശവാസികളും യാത്രക്കാരും വിഷപ്പുക ശ്വസിച്ച് നിൽക്കേണ്ട ഗതികേടിലാണ്. പലതവണ പരിസരവാസികൾ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും രാവിലെ എത്തുമ്പോൾ വീണ്ടും തീ പുകയുന്നതാണ് കാണുന്നത്. രാത്രികാലത്ത് ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിക്കുന്നതാണ് കാരണമെന്ന് സമീപവാസികൾ പറയുന്നു.
........................................
'കവലയിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ അധികൃതർ നടപടി എടുക്കണം'
(വിനോദ് കോയിക്കൽ, പ്രസിഡന്റ്, തണൽ സാന്ത്വനം ട്രസ്റ്റ്)