ഹൃദ്യ
ഹരിപ്പാട് : അയൽവീട്ടുകാർ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു. കരുവാറ്റ മണക്കത്ത് മണലിൽ ഹരികുമാറിന്റെയും (രഘു) ബീനാറാണിയുടെയും ഏകമകൾ ഹൃദ്യയെയാണ് (18) വ്യാഴാഴ്‌ച വൈകിട്ട് ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു കാരണം അയൽവീട്ടുകാരാണെന്ന് ഭിത്തിയിൽ എഴുതി വച്ചിരുന്നു. സംഭവത്തെത്തുടർന്ന് ഇവർ വീടുപൂട്ടി പോയതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തെപ്പറ്റി വീട്ടുകാർ പറയുന്നതിങ്ങനെ: ഹൃദ്യയുടെ പശുക്കിടാവ് വ്യാഴാഴ്‌ച വൈകിട്ട് അയൽവീട്ടിലെ പറമ്പിൽ കയറിയതിനെ തുടർന്ന് അവിടെ താമസിക്കുന്ന ദമ്പതികളും അവരുടെ സഹോദരനും ചേർന്ന് ഹൃദ്യയെ അസഭ്യം പറഞ്ഞു. ഇതിൽ മനംനൊന്ത് ഹൃദ്യ മുറിയിൽ കയറി വാതിൽ അടച്ചു. പിണങ്ങിയാൽ മുറിയിൽക്കയറി കതകടയ്‌ക്കുന്ന പതിവുള്ളതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. ഏറെനേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഹൃദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കെട്ടറുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹരിപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന്. കരുവാറ്റ എൻ.എസ്.എസ്.എച്ച്.എസിൽ നിന്ന് 80 ശതമാനം മാർക്കോടെ പ്ളസ് ടു വിജയിച്ച ഹൃദ്യ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു.