bridge

കായംകുളം: കീരിക്കാട് തെക്ക് കടത്തുകടവും പുതുപ്പള്ളി മുനമ്പേൽ കടവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ഡി.സി.സി അംഗം വി.എം. അമ്പിളിമോൻ പ്രതിഭ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി ഇരുപ്രദേശങ്ങളിലേയും ജനങ്ങൾ പുതുപ്പള്ളി പഞ്ചായത്ത് വക കടത്ത് വള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. ഈ കടവിലാണ് കായംകുളം ജലോത്സവത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റ്. ജനങ്ങളുടെ ചിരകാല സ്വപ്നമാണ് മുനമ്പേൽ -കടത്ത് കടവ് പാലം. ഇതിനായി പലതവണ സാദ്ധ്യതാ പരിശോധനകൾ നടത്തിയിട്ടുമുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ ഈ പാലത്തിനുവേണ്ടി തുക വകയിരുത്തിയിരുത്തുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തു. പാലം യാഥാർത്ഥ്യമായാൽ പ്രദേശവാസികൾക്ക് മാത്രമല്ല പ്രയോജനം. ഹരിപ്പാട്, മുതുകുളം വഴി വരുന്ന യാത്രക്കാർക്ക് കായംകുളം ടൗണിൽ കയറാതെ ഓച്ചിറയിൽ വഴി തെക്കോട്ട് പോകാൻ കഴിയും. പാലം നിർമ്മാണത്തിന് ബഡ്ജറ്റിൽ കൊള്ളിച്ച തുക കൂട്ടുംവാതുക്കൽ പലത്തിന്റെ നിർമ്മാണത്തിനായി വകമാറ്റുമെന്നും മുനമ്പേൽ - കടത്ത്കടവ് പാലം യാഥാർത്ഥ്യമാകില്ലെന്നുമുള്ള ചർച്ച വ്യാപകമായിരിക്കുന്നതിനാൽ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്നും അമ്പിളിമോൻ ആവശ്യപ്പെട്ടു.