കായംകുളം: കേരളീയ സമൂഹം ഏറെ തെറ്റിദ്ധരിച്ച് മനസിലാക്കിയ മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്നും ഒരു പുനർവായനയ്ക്ക് അവർ തയ്യാറാകണമെന്നും ശിവഗിരി മഠം ധ്യാനാചാര്യൻ സ്വാമി സച്ചിതാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനയജ്ഞത്തിൽ ദിവ്യപ്രബോധനം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതകാലം മുഴുവൻ ജാതിക്ക് അതീതമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്ത ഗുരുവിനെ ഒരു പ്രത്യേക ജാതിയുടെ ചിഹ്നമായി മാറ്റിയിരിക്കുന്നു. ജീവിതാന്ത്യം വരെ ചാതുർവർണ്ണ്യ വ്യവസ്ഥിതിയെ അംഗീകരിച്ചിരുന്ന മഹാത്മാഗാന്ധിയെ ജാതിരഹിത സമൂഹത്തിന്റെ പ്രതിനിധിയായും വിലയിരുത്തുന്നു. ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ്‌നബി, ശ്രീശങ്കരൻ തുടങ്ങിയ ജഗത് ഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവിനെ കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളുടെ കൂടെ ഒരു സമുദായ ആചാര്യനായി ചിത്രീകരിക്കുന്നു.
അദ്വൈത ദർശനത്തെ പ്രായോഗിക വേദാന്തമാക്കി ആറ്റം യുഗത്തിനു പോലും സ്വീകാര്യമായ തത്ത്വദർശനമാക്കിയ ഈ ലോകദാർശനികന്റെ കൃതികൾ ഒന്നെങ്കിലും വായിച്ചറിയാൻ എത്രപേർ മുന്നോട്ടു വന്നു? ഗുരു രചിച്ച ദർശനമാലയ്ക്ക് ഗുരുദേവശിഷ്യനായ നടരാജഗുരു എഴുതിയ ആൻ ഇന്റഗ്രേറ്റഡ് സയൻസ് ഒഫ് ദി അബ്‌സല്യൂട്ട് എന്ന ഗ്രന്ഥം അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പോലും പഠനഗ്രന്ഥമാക്കിയപ്പോൾ ഇത് കേരളീയർ ഒന്നു മറിച്ചു നോക്കാൻ പോലും തയ്യാറായോ? തമിഴ്‌നാട് ഗവൺമെന്റ് തിരുവളളുവരെ ആ സംസ്ഥാനത്തിന്റെ ഗുരുവായി അംഗീകരിച്ചു തിരുക്കറൽ പ്രചരിപ്പിച്ച് മാതൃക കാട്ടിയപ്പോൾ ആധുനിക കേരളത്തിന്റെ സ്രഷ്ടാവായി വിലയിരുത്തപ്പെടുന്ന ഗുരുവിനെ ഒരു സമുദായ നേതാവായി മൂലയ്ക്കിരുത്താനല്ലേ ഇവിടെ മാറിമാറി വന്ന ഗവൺമെന്റുകളും രാഷ്ട്രീയ നേതാക്കളും ശ്രമിച്ചത്?
ജാതിമത ദേശഭേദ ചിന്തകൾക്കതീതമായി ഏകലോക വ്യവസ്ഥിതിയെ വിഭാവനം ചെയ്ത ഗുരുവിന്റെ യഥാർത്ഥ സ്വരൂപം കണ്ടെത്താൻ ഒരു പുനർവായനയ്ക്ക് തീർച്ചയായും തയ്യാറാകണം. ശിവഗിരിയിൽ സ്ഥാപിച്ച മത മഹാപാഠശാലയുണ്ട്. ശാസ്ത്രീയമായ പഠനം ഇവിടെയുണ്ട്. കൂടാതെ ഗുരു നിത്യചൈതന്യ യതി സ്ഥാപിച്ച ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെ ചേർന്ന് പഠിച്ച് ഗുരുദൈവ ദർശനത്തെ ഉൾക്കൊളളുന്ന വിശ്വപൗരന്മാരുണ്ടാകണം. ജാതികൊണ്ടും മതം കൊണ്ടും വിഭാഗീയ ചിന്തകൾ കൊണ്ടും കലുഷിതമായിരിക്കുന്ന ആധുനിക ജനങ്ങൾക്ക് ഗുരുദൈവ ദർശനമാകുന്ന അമൃതവർഷത്തിന്റെ ആവശ്യം അനിവാര്യമാണ്. അതിൽ സഹകാരികളാകാൻ ഓരോരുത്തരം മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ചെയർമാൻ ചന്ദ്രദാസ്, കൺവീനർ പി. പ്രദീപ് ലാൽ, വൈസ് ചെയർമാൻ റജി മാവനാൽ, അഡ്വ. എസ്. രമണൻപിളള, എ. പ്രവീൺകുമാർ, കോലത്തു ബാബു എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റിയുടെ ചുമതലയിലാണ് ധ്യാനയജ്ഞം നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് മഹാപ്രസാദ വിതരണത്തോടെ പര്യവസാനിക്കും.