# അറ്റകുറ്റപ്പണി തകഴി കന്നാമുക്കിൽ
അമ്പലപ്പുഴ: തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ പൊട്ടൽ പരിഹരിക്കാൻ വൈകുന്നത് ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വൈകിയതാണ് കാലതാമസമുണ്ടാക്കിയത്. പൊതുമരാമത്ത് വകുപ്പിനു നഷ്ടപരിഹാരത്തുക നൽകിയ ശേഷമേ റോഡ് കുഴിക്കാൻ അനുവദിക്കൂ എന്ന നിലപാട് വിനയാവുകയായിരുന്നു.
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാ മുക്കിനു സമീപത്താണു ചോർച്ച. അറ്റകുറ്റപ്പണി ആരംഭിച്ചതിനാൽ പമ്പിംഗ് പൂർണ്ണമായും നിറുത്തി വെച്ചിരിക്കുകയാണ്. കരുമാടി മുതൽ പച്ച വരെയുള്ള ഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ പതിവായിരിക്കുകയാണ്. നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഈ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടും അധികൃതർ അനങ്ങുന്നില്ല. നേരത്തെ പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി കഴിഞ്ഞ് ടാറിംഗ് നടത്താതെ മെറ്റൽ വിരിച്ചിരിക്കുകയാണ്. ഇതിനാൽ ഇവിടങ്ങളിൽ അപകടവും പതിവാണ്.