tv-r

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ നൃസിംഹ ജയന്തി ഉത്സവം ദർശനപുണ്യമായി. ഗ്രാമദേവനായ ശ്രീനരസിംഹമൂർത്തിയുടെ ജയന്തിയാഘോഷം ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നടന്നത്.

ആയിരക്കണക്കിന് പേരാണ് രാവിലേതന്നെ ക്ഷേത്രത്തിലെത്തിയത്. വടക്കനപ്പന്റെ പിറന്നാൾ ചടങ്ങുകളോടനുബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. രാവിലത്തെ ശ്രീബലിക്കും വൈകിട്ട് നടന്ന കാഴ്ചശ്രീബലിയ്ക്കും തൃക്കടവൂർ ശിവരാജുവടക്കം തലയെടുപ്പുള്ള ആറ് ഗജവീരന്മാർ അണിനിരന്നു. മനോജ് ശശി ആൻഡ് പാർട്ടിയുടെ നാദസ്വരവും ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും മേളക്കൊഴുപ്പേകി.

നരഹരിയുടെ അവതാര സമയമായ തൃസന്ധ്യയിൽ ദീപാരാധയ്ക്ക് ശേഷം നടന്ന വിളക്കിനെഴുന്നള്ളിപ്പോടെ ജയന്തി ഉത്സവം സമാപിച്ചു. ക്ഷേത്രത്തിൽ അഞ്ചിന് ആരംഭിച്ച വൈശാഖോത്സവം ജൂൺ മൂന്നിന് ഇരു നടകളിലും സഹസ്രകലശത്തോടെ സമാപിക്കും. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ നടക്കുന്ന കലശാഭിഷേകത്തിൽ നൂറോളം വൈദികർ പങ്കെടുക്കും . വൈശാഖോത്സവത്തോടനുന്ധിച്ചു ഇന്ന് വൈകിട്ട് 6ന് ഗീതാജ്ഞാന നവാഹയജ്ഞം ആരംഭിക്കും. 26 ന് സമാപിക്കും. ഗുരുവായൂർ പ്രഭാകർ ആണ് യജ്ഞാചാര്യൻ.