# പ്രൊപ്പല്ലർ ഷാഫ്റ്റ് അടിത്തട്ടിൽ തട്ടുന്നു
ചേർത്തല: കടുത്ത വേനൽ മൂലം വേമ്പനാട് കായലിൽ ജലനിരപ്പ് വൻതോതിൽ കുറഞ്ഞതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസും ദുഷ്‌കരമായി.
പാണാവള്ളിയിൽ ഉൾപ്പടെ എല്ലായിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ബോട്ടിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് അടിത്തട്ടിലെ തടികളിലും മണലിലും തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവായതോടെ സർവീസ് മുടങ്ങുന്ന അവസ്ഥയാണ്. കാലങ്ങളായി മണൽ അടിഞ്ഞുകൂടിയ പാണാവള്ളിയിലെ ബോട്ട് ജെട്ടികളായ പെരുമ്പളം ദ്വീപിലെ അരയങ്കാവ്, ശാസ്താങ്കൽ, സൗത്ത്, ന്യൂ സൗത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം. ഇവിടെ ബോട്ട് അടുപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാണാവള്ളിയിലെ രണ്ട് ബോട്ടുകൾക്ക് തകരാർ സംഭവിക്കുകയും സർവീസ് മുടങ്ങുകയുംചെയ്തു. ജലഗതാഗത വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം നിലവിലുള്ള ആറ് ബോട്ടുകൾക്ക് പുറമെ രണ്ട് സ്‌പെയർ ബോട്ടുകൾകൂടി പാണാവള്ളയിലേക്ക് അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കനാലിൽ വെള്ളക്കുറവ് കാരണം ഇന്നലെ മുതൽ മാതാജെട്ടിയിൽ നിന്നാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. 'വേഗ' ബോട്ട് സർവീസ് നടത്തുന്ന വൈക്കം എറണാകുളം റൂട്ടിലും ഇതു തന്നെയാണ് അവസ്ഥ.
# വെള്ളക്കുറവിലേക്ക് അടുപ്പിക്കരുത്
വെള്ളക്കുറവുള്ള ജെട്ടികളിൽ വേലിയിറക്കസമയത്ത് അപകട സാഹചര്യം ഏറെയാണ്. അതൊഴിവാക്കാൻ വെള്ളം ഏറെ കുറയുന്ന സമയങ്ങളിൽ ബോട്ട് അടുപ്പിക്കേണ്ടെന്ന നിർദ്ദേശം അധികൃതർ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ബോട്ടിന് കേടുപാടുണ്ടായി സർവീസ് മുടങ്ങുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് നിർദ്ദേശം നൽകിയതെന്ന് അധികൃതർ വിശദീകരിക്കുന്നു.