# അമ്പലപ്പുഴയിലെ ആത്മ എക്കോ ഷോപ്പ് നോക്കുകുത്തിയായി
അമ്പലപ്പുഴ: കാർഷിക ഉത്പന്നങ്ങൾ കൃഷിക്കാരിൽ നിന്നു വാങ്ങി ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ആനുകൂല്യം നൽകി വിൽക്കുകയെന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴ കച്ചേരിമുക്കിൽ കൃഷിവകുപ്പ് സ്ഥാപിച്ച 'എക്കോ ഷോപ്പ്' നോക്കുകുത്തിയായി. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിൽക്കേണ്ട സ്ഥാപനം ദീർഘവീക്ഷണമില്ലാതെ മറ്റൊരിടത്ത് സ്ഥാപിച്ചതാണ് ഇതിനായി മുടക്കിയ ലക്ഷങ്ങൾ പാഴാകാൻ കാരണമായത്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലാണ് കൃഷിഭവന്റെ ആത്മ സംരംഭത്തിന്റെ ഭാഗമായി 2018 ജനുവരിയിൽ എക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. മന്ത്രി.ജി.സുധാകരനാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. കർഷകർ സ്വന്തമായി കൃഷി ചെയ്യുന്ന ഉത്പന്നങ്ങൾ എക്കോ ഷോപ്പുവഴി സംഭരിക്കുകയും ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയും ലക്ഷ്യമിട്ടിരുന്നു. ജൈവ കീടനാശിനികൾ, ജൈവ കുമിൾ നാശിനികൾ, ജീവാണു വളങ്ങൾ, ജൈവവളങ്ങൾ, നാടൻ മത്സ്യങ്ങൾ, കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, നാടൻ മുട്ട, പച്ചക്കറി തൈകൾ എന്നിവയും എക്കോ ഷോപ്പുവഴി വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പോലും കെട്ടിടത്തിലില്ല.
# രണ്ടു ജീവനക്കാർ
അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ കാർഷിക മേഖല കരുമാടി പ്രദേശങ്ങളാണെന്നിരിക്കെ കാർഷിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത കച്ചേരി മുക്കിൽ ഒഴിഞ്ഞ പ്രദേശത്ത് എക്കോ ഷോപ്പ് സ്ഥാപിച്ചതോടെ ആരും എത്താതായി. നിലവിൽ രണ്ട് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. വിൽക്കുന്ന ഉത്പന്നങ്ങളുടെ ലാഭത്തിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുന്നത്. കർഷകരുടെ ഉത്പന്നങ്ങൾ ഷോപ്പിൽ എത്താതായതോടെ പുറം മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി വിൽക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.